Friday, April 18, 2025

വളര്‍ത്തുമൃഗങ്ങളെ വിമാനത്തില്‍ കയറ്റാനാകില്ല; സ്വന്തം നിലയ്ക്ക് പോകണമെന്ന് എയര്‍ ഏഷ്യ

യുക്രൈനില്‍ നിന്ന് വളര്‍ത്തുമൃഗങ്ങളുമായി ഡല്‍ഹിയിലെത്തിയ മലയാളികള്‍ വീണ്ടും പ്രതിസന്ധിയിലായി. വളര്‍ത്തു മൃഗങ്ങളെ വിമാനത്തില്‍ കൊണ്ടു പോകാന്‍ കഴിയില്ലെന്ന എയര്‍ ഏഷ്യയുടെ നിലപാടാണ് കാരണം.

എയര്‍ ഏഷ്യയുടെ വിമാനമാണ് കേരള സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. വളര്‍ത്തു മൃഗങ്ങളുമായി വന്നവര്‍ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് തിരിക്കേണ്ടിവരുമെന്നാണ് കേരള ഹൗസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇടുക്കി സ്വദേശിയായ ആര്യയടക്കം നാലുപേരാണ് വളര്‍ത്തു മൃഗങ്ങളുമായെത്തിയത്. ഇവരുടെ യാത്രയാണ് പ്രതിസന്ധിയിലായത്.

വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈന്‍സില്‍ പ്രത്യേകം സജ്ജീകരണങ്ങള്‍ ആവശ്യമാണെന്നാണ് എയര്‍ ഏഷ്യ അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, എയര്‍ ഇന്ത്യയടക്കം ചില വിമാനങ്ങളില്‍ ഇതിനുള്ള സംവിധാനങ്ങളുണ്ട്.

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഇടുക്കി സ്വദേശിയായ ആര്യ തന്റെ വളര്‍ത്തുനായയായ സൈറയുമായി യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയത്. ബുക്കാറസ്റ്റില്‍നിന്നു ഇന്നലെ രാത്രി വിമാനം കയറിയ ആര്യ പുലര്‍ച്ചെ ഡല്‍ഹിയിലെത്തിയിരുന്നു. യുദ്ധഭൂമിയില്‍ നിന്ന് ഏറെ കഷ്ടപ്പെട്ടാണ് ആര്യ തന്റെ പ്രിയപ്പെട്ട സൈബീരിയന്‍ നായ്ക്കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. സൈറയില്ലാതെ താന്‍ മടങ്ങില്ലെന്ന ദൃഢ നിശ്ചയത്തിലായിരുന്നു കീവിലെ വെനീസിയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ ആര്യ.

Latest News