എയർ ഇന്ത്യയെ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ഐകോണിക് ചിഹ്നമായ ‘മഹാരാജ’യെ മാറ്റാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ചുവപ്പും മഞ്ഞയും നിറങ്ങളിൽ വരകളുള്ള തൊപ്പിയും കുർത്തയുമണിഞ്ഞ് യാത്രികർക്ക് മുൻപിൽ വണങ്ങിനിൽക്കുന്ന മഹാരാജയെയാണ് എയർ ഇന്ത്യ ഒഴിവാക്കുന്നത്. ഇതിനു പകരം ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ നിറങ്ങളിലുള്ള പുതിയ ചിഹ്നമായിരിക്കും എയർ ഇന്ത്യ ഇനി സ്വീകരിക്കുക.
1946-ലാണ് ലോകപ്രശസ്ത ഐകോണിക് ചിഹ്നമായ ‘മഹാരാജ’ യെ രൂപകൽപ്പന ചെയ്യുന്നത്. വൃത്താകൃതിയിലുള്ള മുഖം, വലിപ്പം കൂടിയ നീണ്ട മൂർച്ചയുള്ള മീശ, ചുവപ്പും മഞ്ഞയും വരകളോട് കൂടിയ ഇന്ത്യൻ തലപ്പാവ്, രാജാവിനെപ്പോലെയുള്ള വ്യക്തിത്വം- ഇതായിരുന്നു എയർ ഇന്ത്യയുടെ മഹാരാജ എന്ന ചിഹ്നം. ബോബി കൂക എന്ന എയർ ഇന്ത്യ ചാർട്ടേഴ്‌സ് ചെയർമാനായിരുന്നു ഈ ചിഹ്നം രൂപകല്‍പന ചെയ്തത്. പാകിസ്താനില്‍ നിന്നുള്ള വ്യവസായ പ്രമുഖന്‍ സയ്യിദ് വാജിദ് അലിയുടെ കൂർത്ത മീശയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിഹ്നത്തിലെ മഹാരാജയ്ക്കും കൂര്‍ത്തമീശ നല്‍കിയതെന്നും വാദമുണ്ട്.
ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യ ഏറ്റെടുത്തതിനു പിന്നാലെ സമ്പൂർണ നവീകരണം ഉണ്ടാകുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എയര്‍ലൈന്‍സിന്‍റെ ചിഹ്നമാറ്റവും. അടുത്ത മാസത്തോടെ ചുവപ്പ്, വെള്ള, പർപ്പിൾ എന്നീ നിറങ്ങളോട് കൂടിയ പുതിയ രീതിയിലേക്ക് എയർലൈൻസ് മാറുമെന്നും പ്രതിക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.