രണ്ടു മാസത്തിനിടെ ഒരു ദിനമൊഴികെ കൊച്ചി ശ്വസിച്ചത് മുഴുവന്‍ രാസവായുവെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പൊല്യൂഷന്‍ കലണ്ടറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ജനുവരി മുതല്‍ ഫെബ്രുവരി മാസം അവസാന ദിനം വരെയുള്ള കണക്കുകളില്‍ ഭൂരിഭാഗ ദിവസങ്ങളിലും രാസബാഷ്പ മാലിന്യത്തിന്റെ തോത് ഉയര്‍ന്നു നിന്നു. നിലവില്‍ ജനുവരി രണ്ടിനു മാത്രമാണ് കൊച്ചിയില്‍ ആരോഗ്യകരമായ ശുദ്ധവായു ലഭിച്ചത്. ഫെബ്രുവരി മാസത്തിലെ 8, 19, 12,13 തീയതികളില്‍ രാസബാഷ്പ കണികകളുടെ അമിത സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
നാല് കളറുകളിലാണ് വായു മലിനീകരണത്തിന്റെ തോത് നിലവില്‍ പൊല്യൂഷന്‍ കലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നത്. ശുദ്ധവായുവിന് ഇരുണ്ട പച്ച നിറം, സാമാന്യം നല്ലവായുവിന് ഇളംപച്ച നിറം, അസുഖമുള്ളവര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടുന്ന വായുവിന്റെ നിറം മഞ്ഞ, രോഗങ്ങള്‍ക്ക് കാരണമാകുന്ന വായു ചുവപ്പും, അപകടകരമായ അശുദ്ധവായു ഇരുണ്ട ചുവപ്പു നിറത്തിലുമാണ് അടയാളപ്പെടുത്തുന്നത്.
പകലിനെ അപേക്ഷിച്ച് രാത്രിയിലാണ് രാസബാഷ്പ മാലിന്യത്തിന്റെ തോത് അന്തരീക്ഷത്തിലേക്ക് പടരുന്നത്. എന്നാല്‍ അന്തരീക്ഷം മലിനമാക്കുന്ന ഉറവിടം ഏതാണെന്നത് സംബന്ധിച്ച് ഇപ്പോഴും അജ്ഞാതമാണ്.