Sunday, December 22, 2024

അന്തരീക്ഷ മലിനീകരണം: ഡൽഹി നിവാസികളുടെ ആയുസ്സ് കുറയുമെന്ന് പഠനം

അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയിലെ സ്ഥിതിയെക്കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഷിക്കാഗോ സർവകലാശാല. നിലവിലെ മലിനീകരണതോത് തുടര്‍ന്നാല്‍ തലസ്ഥാന നഗരത്തിലെ നിവാസികളുടെ ആയുസ്സ് കുറയുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലുള്ള റിപ്പോര്‍ട്ടാണിത്.

ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട എയർ ക്വാളിറ്റി ലൈഫ് ഇൻഡക്സ് (എ.ക്യു.എൽ.ഐ) പ്രകാരം, ഏകദേശം 11.9 വർഷത്തെ ആയുസ്സ് ഡല്‍ഹിനിവാസികള്‍ക്ക് കുറയുമെന്നാണ് അവകാശപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ മലിനീകരണപരിധിയുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള കണക്കുകളാണിത്. 1.8 കോടി നിവാസികളുള്ള ഡൽഹി, ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണെന്ന് എ.ക്യു.എൽ.ഐ പറയുന്നു.

അതേസമയം, പഞ്ചാബിലെ പത്താൻകോട്ടിൽ കണികാ മലിനീകരണം ലോകാരോഗ്യ സംഘടനയുടെ പരിധിയുടെ ഏഴിരട്ടിയിലധികമാണ്. ആ പ്രദേശത്ത് നിലവിലെ നില തുടരുകയാണെങ്കിൽ ആയുർദൈർഘ്യം 3.1 വർഷമായി കുറയുമെന്നും പഠനം പറയുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ ഘടകങ്ങളാൽ വടക്കൻസമതലങ്ങളിലെ കണികാ മലിനീകരണം രൂക്ഷമാണെങ്കിലും, മലിനീകരണം വർധിക്കുന്നതിൽ മനുഷ്യരും ഒരു പ്രധാനപങ്ക് വഹിക്കുന്നു എന്നും എ.ക്യു.എൽ.ഐ അറിയിച്ചു.

Latest News