ഡല്‍ഹി നഗരത്തിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലേക്ക് എത്തിയതായി സി.പി.സി.ബി. കഴിഞ്ഞ ദിവസം നേരിയ പുരോഗതി രേഖപ്പെടുത്തിയ ശേഷമാണ് ബുധനാഴ്‌ച ഗുരുതരാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ചൊവ്വാഴ്ച നഗരത്തിലെ മൊത്തത്തിലുള്ള വായു ഗുണനിലവാരസൂചിക ‘വളരെ മോശം’ എന്നതിലേക്ക് സ്ഥിതി മെച്ചപ്പെടുത്തിയിരുന്നു.
സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സി.പി.സി.ബി) കണക്കുകൾപ്രകാരം (എ.ക്യു.ഐ) രാവിലെ ആറുമണിക്ക് 418 ആയാണ് നഗരത്തിലെ മൊത്തത്തിലുള്ള വായുഗുണനിലവാരം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇത് 396 ആയിരുന്നു. ആനന്ദ് വിഹാർ, ദ്വാരക, ഷാദിപൂർ, മന്ദിർ മാർഗ്, ഐ.ടി.ഒ, ആർ.കെ പുരം, പഞ്ചാബി ബാഗ്, നോർത്ത് കാമ്പസ്, മഥുര റോഡ്, രോഹിണി, പട്‌പർഗഞ്ച്, ഓഖ്‌ല, ഇന്ത്യാ ഗേറ്റ്, മുണ്ട്ക എന്നിവയുൾപ്പെടെ നിരവധി എയർ മോണിറ്ററിംഗ് സ്‌റ്റേഷനുകൾ രാവിലെ ആറുമണിക്ക് 400 -നുമുകളിൽ എ.ക്യു.ഐ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ദേശീയ തലസ്ഥാന മേഖലയിൽ (എൻ.സി.ആർ), ഗ്രേറ്റർ നോയിഡയാണ് 474 എ.ക്യു.ഐയോടെ ഏറ്റവും മലിനീകരണം നേരിടുന്ന പ്രദേശം. അതേസമയം നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ രാവിലെ ആറുമണിക്ക് ‘വളരെ മോശം’ വിഭാഗത്തിലാണ് വായുവിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയത്.