Tuesday, November 26, 2024

ഡല്‍ഹിയില്‍ വായു നിലവാരം വീണ്ടും ഗുരുതരാവസ്ഥയിൽ

ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലുമുള്ള വായുനിലവാരം വീണ്ടും ഗുരുതരാവസ്ഥയിലെത്തി. ഡൽഹിയിലെ പല പ്രദേശങ്ങളുടെയും വായു ഗുണനിലവാര സൂചികയിൽ (Air quality index) വലിയ വർധനവ് രേഖപ്പെടുത്തിയതായി പി. ടി. ഐ റിപ്പോര്‍ട്ടു ചെയ്തു. ദീപാവലി ദിനത്തില്‍ തലസ്ഥാന നഗരിയില്‍ ഏര്‍പ്പെടുത്തിയിരുന്ന പടക്ക നിരോധനത്തിന്റെ വ്യാപകമായ ലംഘനത്തെ തുടര്‍ന്നാണ് വായു ഗുരുതരാവസ്ഥയിലേയ്ക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസംവരെ വായുനിലവാരത്തില്‍ ഡൽഹിയിലെ ശരാശരി എക്യുഐ 218 ആയിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാവിലെ മിക്ക സ്ഥലങ്ങളിലും ശരാശരി എക്യുഐ ഏകദേശം 300 ആയി ഉയര്‍ന്നതായാണ് കണക്കുകള്‍. ജഹാംഗീർപുരി, ആർകെ പുരം, ഓഖ്‌ല, ശ്രീനിവാസ്പുരി, ആനന്ദ് വിഹാർ, വസീർപൂർ, ബവാന, രോഹിണി എന്നിവിടങ്ങളിൽ എക്യുഐ വർധിച്ചിട്ടുണ്ട്.

കർശന നിരോധനങ്ങളോടെയാണ് ഇത്തവണ ഡൽഹി ദീപാവലി ആഘോഷിച്ചത്. പടക്കങ്ങൾ ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിൽക്കുന്നതിനും ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ നിരോധനം ലംഘിച്ച് ആളുകള്‍ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയോടെ അന്തരീക്ഷം മോശമാകുകയായിരുന്നു.

Latest News