Sunday, November 24, 2024

ഉഗാണ്ടയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാനസർവീസിന് അനുമതി

ഉഗാണ്ടയെയും ഇന്ത്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാനസർവീസിന് അനുമതി. ഒക്ടോബര്‍ ഏഴിന് ആദ്യവിമാനം (യു.ആര്‍-430) മുംബൈയില്‍ ഇറങ്ങും. ഉഗാണ്ടയിലെ എന്റബ്ബെ രാജ്യാന്തര വിമാനത്താവളത്തെയും ഇന്ത്യയിലെ മുംബൈ ഛത്രപതി ശിവജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തെയും തമ്മിൽ ബന്ധിപ്പിച്ചാണ് സര്‍വീസ്.

ആദ്യവിമാനമായ യു.ആര്‍-430, ശനിയാഴ്ച എന്റബ്ബെയില്‍ നിന്ന് പ്രാദേശികസമയം രാത്രി 8.15 -നു പുറപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെ 5.55 -ന് മുംബൈ വിമാനത്താവളത്തിലിറങ്ങും. മുംബൈയില്‍ നിന്നുള്ള ആദ്യവിമാനം (യു.ആര്‍-431) ഞായറാഴ്ച രാവിലെ 7.55 -നു പുറപ്പെട്ട് പ്രാദേശിക സമയം 12.25 -ന് എന്റബ്ബെയിലും ഇറങ്ങും. ഇരുരാജ്യങ്ങൾക്കുമിടയിൽ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ഉള്ളത്. മുംബൈയില്‍ നിന്ന് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലും എന്റബ്ബെയില്‍ നിന്ന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലുമാണ് സര്‍വീസ്.

എയര്‍ബസ് എ330-800 നിയോ വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക. ബിസിനസ് ക്ലാസ് 20, പ്രീമിയം ഇക്കോണമി 28, ഇക്കോണമി 210 എന്നിങ്ങനെ മൂന്ന് ക്ലാസ്സുകളായാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അരനൂറ്റാണ്ടിനുശേഷം ഇതാദ്യമായാണ് ഉഗാണ്ടയില്‍നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള നോണ്‍-സ്റ്റോപ്പ് വിമാനസര്‍വീസ് ആരംഭിക്കുന്നത്.

Latest News