ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ സിറിയയിലെ ആയുധകേന്ദ്രങ്ങളില്‍ യു.എസിന്റെയും ഇസ്രയേലിന്റെയും സായുധസേനകള്‍ വ്യോമാക്രമണം നടത്തി. ഇരു സായുധസേനകളും നടത്തിയ വെവ്വേറെ ആക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടു. തെക്കൻ സിറിയയിലെ സൈനികകേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയെന്നും നാശനഷ്ടങ്ങളുണ്ടായെന്നും സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
“ബുധനാഴ്ച പ്രാദേശികസമയം 22:50 -ന്, ലെബനനിലെ ബാൽബെക്കിന്റെ ദിശയിൽനിന്ന് തെക്കൻ മേഖലയിലെ ചില സൈനിക പോയിന്റുകൾ ലക്ഷ്യമിട്ട് ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍, മേഖലയിലെ ഇറാന്‍ അനുകൂല ഗ്രൂപ്പുകളുടെ സൈനികകേന്ദ്രത്തില്‍ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്” – സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി സന പറഞ്ഞു. സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇറാൻ കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
കിഴക്കൻ സിറിയയിലെ ഇറാന്‍ ഇസ്ളാമിക് റെവലൂഷണറി ഗാർഡ് കോർപ്സിന്റെ ആയുധസംഭരണശാലയിലാണ് യു.എസ് വ്യോമാക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ ഇറാൻ അനുകൂല ഗ്രൂപ്പുകളുമായി ബന്ധമുള്ള ഒമ്പതുപേർ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിലെ യു.എസ് സൈനികർ താമസിക്കുന്ന താവളങ്ങളിൽ വർധിച്ചുവരുന്ന ആക്രമണത്തിന് മറുപടിയായിട്ടാണ് പ്രത്യാക്രമണം നടത്തിയതെന്ന് പെന്റഗൺ വ്യക്തമാക്കി.