ഇന്ത്യന്‍ വംശജനായ അജയ് ബംഗയെ ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്ത് അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവിലെ ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നുവെന്ന് അറിയിച്ചതിനു പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം.
നിലവില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റ്ലാന്റിക്കില്‍ വൈസ് ചെയര്‍മാനാണ് അജയ് ബംഗ. ധനകാര്യ സ്ഥാപനമായ മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്നു അദ്ദേഹം. അമേരിക്കന്‍ റെഡ്ക്രോസ്, ക്രാഫ്റ്റ് ഫുഡ്സ്, ഡൗ ഇന്‍ക് എന്നിവയുടെ ബോര്‍ഡുകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 ല്‍ പദ്മശ്രീ നല്‍കി ഇന്ത്യ അദ്ദേഹത്തെ ആദരിച്ചു. അജയ് ബംഗയുടെ ജനനം പൂനെയിലും പഠനം ഡല്‍ഹയിലുമായിരുന്നു.
‘ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍ ലോക ബാങ്കിനെ നയിക്കാന്‍ അജയ് ബംഗ സജ്ജനാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസ്വര സമ്പദ്വ്യവസ്ഥയിലേക്ക് നിക്ഷേപം കൊണ്ടുവരികയും ആഗോള കമ്പനികള്‍ കെട്ടിപ്പടുക്കുന്നതിലും അദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെ ചെലവഴിച്ചു. വ്യക്തികളെയും സംവിധാനങ്ങളെയും കൈകാര്യം ചെയ്യുന്നതിലും ലോകമെമ്പാടുമുള്ള ആഗോള നേതാക്കളുമായി പങ്കാളിത്തത്തോടെ പ്രവര്‍ത്തിച്ചതിനും മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട് അദ്ദേഹത്തിന്,’ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.