അൽ മിൻഹാദ് പ്രദേശവും അതിന്റെ പരിസരപ്രദേശങ്ങളുടേയും പേര് പുനര്‍നാമകരണം ചെയ്ത് യുഎഇ ഭരണകൂടം. ഹിന്ദ് സിറ്റി എന്നാണ് ഈ മേഖലകളെ പുനര്‍നാമകരണം ചെയ്തത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് നടത്തിയത്.
ഏകദേശം 83.9 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മേഖലയാണ് ഇനി മുതല്‍ ഹിന്ദ് സിറ്റിയായി അറിയപ്പെടുന്നത്. ഈ മേഖലയെ ഹിന്ദ് 1, ഹിന്ദ് 2, ഹിന്ദ് 3, ഹിന്ദ് 4 എന്നിങ്ങനെ നാല് പ്രത്യേക സോണുകളായി തിരിച്ചു. എമിറേറ്റ്സ് റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്‌ബാബ് റോഡ് തുടങ്ങിയ പ്രധാനപാതകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്.
അതേസമയം, ദുബായ് ഭരണാധികാരികള്‍ മുന്‍പും വിവിധ മേഖലകളെ പുനർനാമകരണം ചെയ്തിട്ടുണ്ട്. അബുദാബിയുടെ മുൻ ഭരണാധികാരിയായിരുന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പേരിലാണ് 2010 -ൽ ബുർജ് ദുബായിയെ ബുർജ് ഖലീഫ എന്ന് പുനർനാമകരണം ചെയ്തത്. പുതുതായി പുനർനാമകരണം ചെയ്ത മേഖലയുടെ ഹിന്ദ് എന്ന അറബ് വാക്കിന്റെ അർത്ഥം ‘100 ഒട്ടകങ്ങള്‍’ എന്നാണ്. ഹിന്ദ് സിറ്റിയില്‍ സ്വദേശികള്‍ക്കായുള്ള ഭവനമേഖലകള്‍ ഉള്‍പ്പെടുമെന്നാണ് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.