Sunday, November 24, 2024

യെമനില്‍ അല്‍ഖ്വയ്ദ ആക്രമണം; രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

യെമനില്‍ അല്‍ഖ്വയ്ദ നടത്തിയ ആക്രമണത്തില്‍ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദ ഗ്രൂപ്പിന്റെ നാല് സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

അബിയാന്‍ പ്രവിശ്യയിലെ പര്‍വതപ്രദേശമായ വാദി ഒമ്രാന്‍ പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. തീവ്രവാദികളും സൈന്യവും തമ്മില്‍ മണിക്കൂറുകള്‍ നീളുന്ന വെടിവയ്പുണ്ടായി. തീവ്രവാദികള്‍ സൈനിക വാഹനം സ്‌ഫോടനത്തില്‍ കത്തിച്ചു.

അടുത്തിടെ, അല്‍ഖ്വയ്ദ ശക്തികേന്ദ്രമായ വാദി ഒമ്രാനില്‍ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഒളിയാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അല്‍ഖ്വയ്ദ ഏറ്റെടുത്തു.

സനാ ഉള്‍പ്പെടെയുള്ള യെമനിന്റെ വടക്കന്‍ പ്രദേശങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ഓരോ ദിവസവും പുതിയ പ്രദേശങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ യെമന്‍ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലും.

2014-ല്‍ ഹൂതികള്‍ സനയുടെ തലസ്ഥാനവും വടക്കന്‍ യെമനിന്റെ ഭൂരിഭാഗവും പിടിച്ചെടുക്കുകയും അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാരിനെ നാടുകടത്തുകയും ചെയ്തതോടെയാണ് ആഭ്യന്തരയുദ്ധം ആരംഭിച്ചത്.

 

Latest News