Monday, November 25, 2024

കളക്ടര്‍ വക വീണ്ടുമൊരു സ്‌നേഹപാഠം; ആദ്യ ശമ്പളം മാതൃകാപരമായി ചിലവഴിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍, കൃഷ്ണ തേജ

ജില്ലാ കളക്ടര്‍ ആയി ചുമതല ഏറ്റെടുത്ത ശേഷം ലഭിച്ച ആദ്യ ശമ്പളം പാലിയേറ്റീവ് സംഘടനയായ സ്നേഹജാലകത്തിന് നല്‍കി ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ ഐ.എ.എസ്. മകന്റെ പിറന്നാള്‍ ദിനത്തിലാണ് ആദ്യ ശമ്പളം സന്നദ്ധ സംഘടനയ്ക്ക് നല്‍കിയത്. കളക്ടറും ഭാര്യ രാഗ ദീപയും മകന്‍ റിഷിത് നന്ദയും ഒരുമിച്ചെത്തിയാണ് തുക കൈമാറിയത്. കളക്ടറുടെ മകന്റെ കയ്യില്‍ നിന്നാണ് സ്നേഹജാലകം പ്രസിഡന്റ് എന്‍.പി.സ്നേഹജന്‍ ചെക്ക് ഏറ്റുവാങ്ങിയത്.

കളക്ടറുടെ മകന്‍ റിഷിത് നന്ദയുടെ ജന്മദിനം കൂടിയായിരുന്ന ഇന്നലെയാണ് കൃഷ്ണ തേജ ഐഎഎസിന്റെ മാതൃകാ പ്രവൃത്തി. സ്നേഹജാലകം ഭാരവാഹികളും ചടങ്ങില്‍ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ മാസം നടന്ന സ്നേഹജാലകത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും സ്നേഹജാലകം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ ശമ്പളം സ്നേഹജാലകത്തിനു നല്‍കിയത്.

ജില്ലയിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ അറിയിക്കുക കൂടിയാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു. മുന്‍പ് ഇദ്ദേഹം ആലപ്പുഴയില്‍ സബ് കളക്ടര്‍ ആയിരിക്കേ പ്രളയകാലത്ത് ‘ഐ ആം ഫോര്‍ ആലപ്പി’ എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

 

Latest News