കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴയിലും കോട്ടയത്തും ഇടുക്കിയിലും പത്തനംതിട്ടയിലും അതത് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ കളക്ടറായി ഇന്നലെ ചുമതലേറ്റ വി.ആര്‍ കൃഷ്ണ തേജ തന്റെ ആദ്യ ഉത്തരവ് തന്നെ കുട്ടികളുടെ സുരക്ഷയ്ക്കായാണ് നല്‍കിയത്. കുട്ടികള്‍ക്കായി അദ്ദേഹം പങ്കുവച്ച കുറിപ്പ്് സോഷ്യല്‍മീഡിയയില്‍ അതിവേഗം വൈറലാവുകയും ചെയ്തു. ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി.ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിതനായത്. ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച ആ രസകരമായ കുറിപ്പ് ഇങ്ങനെയായിരുന്നു..
പ്രിയ കുട്ടികളെ…
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം.
അച്ഛന്‍ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…