Friday, April 11, 2025

ടിക് ടോക്കിന് വിലക്കേർപ്പെടുത്തി അൽബേനിയ: നടപടി 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിനു പിന്നാലെ

സാമൂഹ്യമാധ്യമമായ ടിക് ടോക്കിന് ഒരുവർഷത്തേക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ അൽബേനിയ. 14 വയസ്സുകാരനെ സഹപാഠി കുത്തിക്കൊന്നതിനു പിന്നാലെയാണ് അൽബേനിയ ടിക് ടോക്കിന്  താൽക്കാലികമായ വിലക്ക് ഏർപ്പെടുത്തിയത്. നിരോധനം അടുത്ത വർഷം ആദ്യം നിലവിൽവരും.

കൊല്ലപ്പെട്ട 14 വയസ്സുകാരനും സുഹൃത്തും തമ്മിൽ ടിക് ടോക്കിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. എന്നാൽ അതിനെക്കാൾ ഭീകരം, ടിക് ടോക്കിൽ ധാരാളം കുട്ടികൾ ആ കൊലപാതകത്തെ ന്യായീകരിച്ചു എന്നതായിരുന്നു. ഈ സംഭവങ്ങളെ തുടർന്നാണ് ടിക് ടോക്കിന്  നിരോധനമേർപ്പെടുത്തിയത്.

എന്നാൽ ടിക് ടോക്കിൽ ഇരുവർക്കും അക്കൗണ്ട് ഇല്ലെന്നാണ് സാമൂഹ്യമാധ്യമത്തിന്റെ അധികൃതർ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ടിക്ടോക് അറിയിച്ചു. നിലവിൽ കുട്ടികളെ മോശമായി സ്വാധീനിക്കുന്നു എന്ന കാരണത്താൽ ഫ്രാൻസ്, ജർമനി, ബൽജിയം എന്നീ രാജ്യങ്ങളിൽ സാമൂഹ്യമാധ്യമങ്ങൾ കുട്ടികൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 14 വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത് ഓസ്‌ട്രേലിയ നിയപരമായി വിലക്കിയത് കഴിഞ്ഞ മാസമായിരുന്നു.

Latest News