റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവാല്‍നിയുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്ച ബോറിസോവ്‌സ്‌കോയ് സെമിത്തേരിയിലാണ് സംസ്‌കാരം നടത്തിയത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകള്‍. ആയിരക്കണക്കിനു പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
പല പള്ളികളെയും സംസ്‌കാര ചടങ്ങുകള്‍ക്കായി സമീപിച്ചെങ്കിലും ആരും അനുവാദം നല്‍കിയില്ലെന്ന് നവാല്‍നിയെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു. മറീനോയിലെ ദി ഐക്കണ്‍ ഒഫ് ദി മദര്‍ ഒഫ് ഗോഡ് സൂത്ത് മൈ സോറോസ് ചര്‍ച്ചാണ് സംസ്‌കാരത്തിന് അനുമതി നല്‍കിയത്. ചടങ്ങുകള്‍ക്കുശേഷം ആയിരക്കണക്കിനു പേര്‍ പള്ളിയില്‍നിന്ന് സെമിത്തേരിയിലേക്ക് മാര്‍ച്ച് നടത്തി.
അമേരിക്കന്‍ സ്ഥാനപതി ലിന്‍ ട്രേസി സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു. ഫെബ്രുവരി 16ന് ആര്‍ട്ടിക് ജയിലില്‍വച്ചാണ് നവാല്‍നി മരിച്ചത്. നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാല്‍നി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നുമാണ് ജയില്‍ അധികൃതരുടെ വാദം.