അൾജീരിയയിൽ രൂക്ഷമായി തുടരുന്ന കാട്ടുതീയിൽ അകപ്പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. സംഭവത്തില്‍ ഇതുവരെ 34 പേര് മരിച്ചതായും 197 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ 10 പേര് സൈനികരാണ്.
രാജ്യത്തിന്ന്റെ വടക്കൻമേഖലയിലുള്ള തീരപ്രദേശമായ ബെജായയിലാണ് കാട്ടുതീ ഏറ്റവുമധികം നാശം വിതച്ചത്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഈ പ്രദേശത്തുമാത്രം 23 പേരാണ് മരിച്ചത്. ഈ മേഖലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ 10 സൈനികർ തീ വ്യാപിച്ച പ്രദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെന്നും സർക്കാർ അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങളും മേഖലയിൽ പുരോഗമിക്കുകയാണ്. അതിനായി 8,000 അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെയും 530 ട്രക്കുകളെയും വിന്യസിപ്പിച്ചിട്ടുണ്ട്. തലസ്ഥാന നഗരമായ അൾജിയേഴ്സിനു കിഴക്ക് കാബിൽ മേഖലയിലെ ബെജായ, ജിജെൽ, അൽജിയേഴ്സിനു 100 കിലോമീറ്റർ (60 മൈൽ) തെക്കുകിഴക്കായി ബൗയിറ എന്നിവിടങ്ങളിലാണ് ഏറ്റവും വലുതും മാരകവുമായ അഗ്നിബാധയുണ്ടായതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.