Saturday, April 19, 2025

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ താലിബാന്‍ എന്തും ചെയ്യുമെന്ന് മലാല യൂസഫ്‌സായി

പ്രൈമറി സ്‌കൂളിനപ്പുറം പെണ്‍കുട്ടികള്‍ പഠിക്കുന്നത് തടാന്‍ താലിബാന്‍ ഒഴികഴിവുകള്‍ നിരത്തുന്നത് തുടരുമെന്ന് സമാധാനത്തിനുള്ള നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളുകള്‍ ആരംഭിക്കാന്‍ മാത്രമേ തുടക്കം തൊട്ടേ അനുമതി നല്‍കിയിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു.

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചടക്കിയതിനുശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം വസ്തുതാവിരുദ്ധമാണെന്നും 1996 മുതലേ താലിബാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് എതിരാണെന്നും മലാല ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ധരിക്കേണ്ട യൂണിഫോമിനെക്കുറിച്ച് ധാരണയായില്ലെന്ന പേരില്‍ ഇത് മാറ്റിവയ്ക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും മലാല പറഞ്ഞു. താലിബാന്റെ തീരുമാനം ഹൃദയഭേദകമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest News