ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഇതിനു അംഗീകാരം നല്‍കിയതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.
തീരുമാനം നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗണ്‍സില്‍ അധികാരപ്പെടുത്തി. ഖത്തറില്‍ ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യ തലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് വിസ സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകള്‍ക്ക് യു.എ.ഇ.യും സൗദി അറേബ്യയും ഉള്‍പ്പെടെ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും.
വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ആഗോളതലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം ഇത് വര്‍ധിപ്പിക്കും. ജിസിസി രാജ്യങ്ങളുടെ വികസനത്തിന് അനുയോജ്യമായ തീരുമാനമാണിത്. രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര ബന്ധം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫലപ്രദമായ സ്വാധീനം ചെലുത്തുകയും ചെയ്യും. ടൂറിസ്റ്റുകളെയും ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കും യാത്ര സുഗമമാക്കാന്‍ ഇത് സഹായിക്കും. അതോടെ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച നേടുകയും തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും.