പാക്കിസ്ഥാനിലുള്ള കുടിയേറ്റക്കാരെല്ലാം ഉടന്‍ രാജ്യംവിടണമെന്ന് ഇടക്കാല സര്‍ക്കാരിന്റെ അന്ത്യശാസനം. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച ലക്ഷക്കണക്കിന് അഫ്ഗാന് പൗരന്മാര് ഉള്‍പ്പെടെയുള്ള എല്ലാ കുടിയേറ്റക്കാരും നവംബര്‍ ഒന്നിന് മുമ്പ് സ്വമേധയാ പോകണമെന്നാണ് മുന്നറിയിപ്പ്. ഇടക്കാല ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുഗ്തിയാണ് ഇക്കാര്യം അറിയിച്ചത്.
കുടിയേറ്റക്കാരെല്ലാം പുറത്തുപോകണമെന്ന് ഒക്ടോബറിലാണ് പാകിസ്ഥാന് ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വര്‍ഷം നടന്ന 24 ചാവേര്‍ സ്ഫോടനങ്ങളില്‍ 14 എണ്ണത്തിലും സര്‍ക്കാരിനും സൈന്യത്തിനുമെതിരായ കുറ്റകൃത്യങ്ങളിലും കള്ളക്കടത്തിലും ആക്രമണങ്ങളിലും അഫ്ഗാന് പൗരന്മാര്ക്ക് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. തങ്ങളുടെ പോരാളികളെ പരിശീലിപ്പിക്കാനും പാക്കിസ്ഥാനില്‍ ആക്രമണം ആസൂത്രണം ചെയ്യാനും തീവ്രവാദികള്‍ അഫ്ഗാന് മണ്ണ് ഉപയോഗിക്കുന്നുവെന്ന് ഇസ്ലാമാബാദ് ആരോപിക്കുന്നു.
സമയപരിധി അവസാനിച്ചതിന് ശേഷം ആളുകളെ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ആരംഭിക്കുമെന്ന് ബുഗ്തി മുന്നറിയിപ്പ് നല്കി. സ്വമേധയാ പുറപ്പെടുന്നവരെ അവരുടെ രേഖകള്‍ തയ്യാറാക്കല്‍, കറന്‍സി കൈമാറ്റം ചെയ്യാനുള്ള അനുമതി, ഗതാഗതം തുടങ്ങിയ കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായിക്കുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം, പാക്കിസ്ഥാന്റ സുരക്ഷ ഒരു ആഭ്യന്തര പ്രശ്നമാണെന്ന് കാബൂള്‍ തിരിച്ചടിച്ചു.