കാനഡയിലെ ടൊറന്റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണ വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും രക്ഷപെട്ടതായി എയർപോർട്ട് ചീഫ് എക്‌സിക്യൂട്ടീവ് അറിയിച്ചു. അപകടത്തിൽ ഒരു കുട്ടിക്കും രണ്ട് മുതിർന്നവർക്കും ഗുരുതരമായി പരിക്കേറ്റതായി അടിയന്തര സേവനങ്ങളും സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളും കാണിക്കുന്നു. മഞ്ഞുമൂടിയ ടാർമാക്കിൽ ഒരു വിമാനം മറിഞ്ഞ് മേൽക്കൂരയിൽ കിടക്കുന്നതായിട്ടാണ് ദൃശ്യങ്ങൾ. വിമാനത്തിന്റെ ചിറകുകളിൽ ഒരെണ്ണം നഷ്ടപ്പെട്ടിട്ടുമുണ്ട്.
മിനിയാപൊളിസിൽ നിന്നുവന്ന ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപെട്ടതെന്നും വിമാനത്തിലുണ്ടായിരുന്ന 80 പേരിൽ 76 പേർ യാത്രക്കാരും നാലുപേർ ജീവനക്കാരുമാണെന്നും ടൊറന്റോ പിയേഴ്സൺ വിമാനത്താവളം അറിയിച്ചു. പരിക്കേറ്റ 18 യാത്രക്കാരെ ആശുപത്രിയിലേക്കു മാറ്റി.
ഗുരുതരമായി പരിക്കേറ്റ രോഗികളിൽ ഒരു കുട്ടിയും 60 വയസ്സുള്ള ഒരു പുരുഷനും 40 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നു.