ഗര്‍ഭച്ഛിദ്രത്തിന് എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ട്. ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭര്‍ത്താവിന്റെ ലൈംഗിക പീഡനവും ബലാത്സംഗമായി കണക്കാക്കും. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
24 ആഴ്ച പ്രായമുള്ള ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് വിവാഹിതര്‍ക്കും അവിവാഹിതര്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് ഇപ്പോള്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് ഒരു സ്ത്രീയുടെ അവകാശമാണ്.
അതുകൊണ്ട് ഗര്‍ഭച്ഛിദ്രത്തിനും വിവാഹിതയ്ക്കൊപ്പം തന്നെ അവിവാഹിതയ്ക്കും അവകാശമുണ്ട്. അത് പൂര്‍ണമായും സ്ത്രീയുടെ തീരുമാനമാണ്. ഭര്‍ത്താവിന്റെ ലൈംഗിക പീഡനം ബലാത്സംഗമായി കണക്കാക്കാമെന്നും, ഇതില്‍ നിന്നുണ്ടാകുന്ന
ഗര്‍ഭം അലസിപ്പിക്കാന്‍ സ്ത്രീയ്ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. സ്ത്രീയുടെ സമ്മതമാണ് ഇതില്‍ പ്രധാനമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ സ്ത്രീ വിവാഹിതയാണോ അവിവാഹിതയാണോ എന്ന കാര്യത്തിന് പ്രസക്തി ഇല്ലെന്നും കോടതി പറയുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍ എത്തിയിരുന്നു. 24 ആഴ്ച പ്രായമുള്ള ഗര്‍ഭച്ഛിദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട് അവിവാഹിതയായ സ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലെ നിയമപോരാട്ടം സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു.