ചൈനീസ് ഫണ്ടിങ് ആരോപണവുമായി ബന്ധപ്പെട്ട് ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലിനും എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയ്ക്കുമെതിരെ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്. സി. ആര്‍. എ) ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. പിന്നാലെ പ്രബീര്‍ പുരകായസ്തയുടെ വസതിയിലും ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് ഓഫീസിലും സിബിഐ സംഘം റെയ്ഡ് നടത്തി.
പ്രബീര്‍ പുര്‍കയസ്തയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍(യുഎപിഎ) നിയമപ്രകാരം ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. എഫ്സിആര്‍എ ചട്ടങ്ങള്‍ ലംഘിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലിന് വിദേശ ഫണ്ട് ലഭിച്ചതായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പ്രചരണ വിഭാഗത്തിലെ സജീവ അംഗമായ നെവില്‍ റോയ് സിംഗം ന്യൂസ്‌ക്ലിക്കിലേക്ക് വന്‍ തുക നല്‍കിയതായും ഡല്‍ഹി പോലീസ് എഫ്ഐആറില്‍ പറയുന്നു. ‘ഇന്ത്യയുടെ പരമാധികാരം തകര്‍ക്കുക’ എന്ന ലക്ഷ്യത്തോടെയായിരുന്നു പണമെത്തിയതെന്നും പൊലീസ് ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് സിബിഐ സംഘവും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യയ്ക്കെതിരെ അതൃപ്തി ഉളവാക്കാനും ഐക്യത്തിന് ഭീഷണിയുയര്‍ത്താനും വേണ്ടി ഗൂഢാലോചന നടത്തി. അതിന്റെ ഭാഗമായി രാജ്യത്തോട് വിദ്വേഷമുള്ള ഇന്ത്യക്കാരുടെയും വിദേശ സ്ഥാപനങ്ങളും വിദേശ ഫണ്ടുകള്‍ സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളിലാണ് ഇപ്പോള്‍ സിബിഐ അന്വേഷണം തുടങ്ങിയിരിക്കുന്നത്.