ഭൂപതിവ് ചട്ടം ലംഘിച്ചുവെന്ന സി.പി.എമ്മിന്റെ ആരോപണത്തിനെതിരെ പരസ്യസംവാദത്തിന് ക്ഷണിച്ച് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ; തനിക്കെതിരായ ആരോപണത്തിൽ ഏതു സംവാദത്തിനും തയാറാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, എം.എൽ.എയുടെ കുടുംബവീട് അടങ്ങുന്ന ഭൂമിയിൽ നടത്തിയ സർവേയുടെ റിപ്പോർട്ട്, ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച തഹസിൽദാറിനു നൽകും.
“പൊതുരംഗത്ത് സുതാര്യത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എനിക്ക് വരുമാനത്തിൽ കൂടുതൽ സ്വത്തുണ്ടോയെന്ന് സി.പി.എമ്മിനു പരിശോധിക്കാം” – എം.എൽ.എ പറഞ്ഞു. സി.പി.എമ്മിൽ നിന്ന് ആർക്കുവേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും വിചാരണയ്ക്കിരിക്കാൻ ഇനിയും തയാറാണെന്നും കുഴൽനാടൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ രേഖകൾ പുറത്തുവിടാൻ തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, എം.എല്‍.എയുടെ കുടുംബവീട് അടങ്ങുന്ന ഭൂമിയില്‍ കഴിഞ്ഞ ദിവസം റീസര്‍വേ നടത്തിയ റിപ്പോര്‍ട്ട്, ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച തഹസിൽദാറിനു കൈമാറും. റോഡിനായി സ്ഥലം വിട്ടുനിൽകിയപ്പോൾ, വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാൻ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ടുനിറച്ചതായി കുഴൽനാടൻ നേരത്തെ അറിയിച്ചിരുന്നു. നാലുമാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ഈ സ്ഥലത്തു നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. വിവാദം ഉയർന്നപ്പോഴാണ് റവന്യു സർവേ വിഭാഗം റീസർവേക്ക് ഒരുങ്ങിയത്.