ചൈന ഷിൻജിയാങ്ങ് പ്രവിശ്യയിൽ നടത്തിയത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമെന്നു യുഎൻ. ഉയിഗുർ മുസ്ലിങ്ങൾ ഉൾപ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ സംബന്ധിച്ചാണ് യു.എൻ പരാമർശം. ഒരു വർഷത്തോളമായി തയ്യാറാക്കിയ റിപ്പോർട്ട് ബുധനാഴ്ച യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി മിഷേൽ ബാഷലെറ്റിന്റെ നാല് വർഷത്തെ കാലാവധി അവസാനിക്കുന്നതിന് 13 മിനിറ്റ് മുമ്പ് ആണ് പുറത്തുവിട്ടത്.
ചൈനയുടെ എതിർപ്പ് മറികടന്നാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് യു.എൻ പുറത്തുവിട്ടത്. വിദൂര പടിഞ്ഞാറൻ സിൻജിയാങ് മേഖലയിൽ ഒരു ദശലക്ഷത്തിലധികം ഉയ്ഗൂർകളെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും ചൈന തടവിലാക്കിയതായി വർഷങ്ങളായുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് ഈ റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെ ഒക്കെയും ചൈന നിഷേധിക്കുകയാണ് ചെയ്യുന്നത്. തീവ്രവാദത്തെ നേരിടാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രങ്ങളാണ് ഷിൻജിയാങ്ങിൽ ഉള്ളതെന്നാണ് ചെനീസ് അധികൃതരുടെ വാദം.
പീഡന ആരോപണങ്ങൾ ‘വിശ്വസനീയം’
ഷിൻജിയാങ്ങ് പ്രവിശ്യയിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ട്. കുടുംബാസൂത്രണത്തിലും ജനനനിയന്ത്രണത്തിലും വിവേചനപരമായ നയമാണ് ചൈന പിന്തുടരുന്നത്. ചൈനയിലെ “വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് ട്രെയിനിംഗ് സെന്ററുകൾ” എന്ന് വിളിക്കപ്പെടുന്ന സ്ഥാപനങ്ങളെ കുറിച്ച് റിപ്പോർട്ട് വലിയ ആശങ്കയാണ് ഉയർത്തുന്നത്. റിപ്പോർട്ടിൽ വിവരിച്ചിരിക്കുന്ന സ്ഥിതിഗതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബെയ്ജിംഗിനോടും യുഎന്നിനോടും ലോകമൊട്ടാകെയുള്ളവരോടും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
ഷിൻജിയാങിലെ ഉയ്ഗൂർ സ്വയംഭരണ പ്രദേശം നിലവിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടെ അന്തർഗവൺമെൻറ് ബോഡികൾ, മനുഷ്യാവകാശ സംവിധാനം, കൂടാതെ അന്താരാഷ്ട്ര സമൂഹം എന്നിവയുടെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. 49 പേജുള്ള റിപ്പോർട്ടിൽ വംശഹത്യയെക്കുറിച്ച് പരാമർശിക്കുന്നില്ല. പകരം അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ നിയമനിർമ്മാതാക്കളും ഉൾപ്പെടെ ചൈനയുടെ വിമർശകർ ഉന്നയിച്ച പ്രധാന ആരോപണങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.
ഈ റിപ്പോർട്ട് പുറത്തു വിടാതിരിക്കുന്നതിനു ചൈനയുടെ പക്കൽ നിന്നും ശക്തമായ സമ്മർദ്ദം മിഷേൽ ബാഷലെറ്റിനു നേരിടേണ്ടി വന്നു. സിൻജിയാങ് പ്രശ്നം എന്ന് വിളിക്കപ്പെടുന്നത് രാഷ്ട്രീയ പ്രേരണകളാൽ കെട്ടിച്ചമച്ച ഒരു നുണയാണ്, അതിന്റെ ഉദ്ദേശം തീർച്ചയായും ചൈനയുടെ സ്ഥിരതയെ കളങ്കപ്പെടുത്തുകയും വികസനം തടസ്സപ്പെടുത്തുകയും ചെയ്യുക എന്നതാണെന്നും പാശ്ചാത്യ രാജ്യങ്ങളാണ് റിപ്പോർട്ടിന് പിന്നിലെന്നും ന്യൂയോർക്കിലെ ചൈനീസ് അംബാസിഡർ ഷാങ് ജുൻ ചൂണ്ടിക്കാട്ടി.