Saturday, January 25, 2025

മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം: യുപിയില്‍ ഒമ്പതു പേരെ ജയിലിലടച്ചു

ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണത്തിൽ എട്ട് സ്ത്രീകളടക്കം ഒമ്പതു പേരെ ജയിലിലടച്ച് സംസ്ഥാന സർക്കാർ. അസംഗഡ് ജില്ലയിൽ സംഘടിപ്പിച്ച ഒരു പ്രാർഥനാസമ്മേളനത്തിലേക്ക് ഹിന്ദുത്വദേശീയവാദികൾ അതിക്രമിച്ചുകയറി അക്രമം കാട്ടുകയും നിർബന്ധിത മതപരിവർത്തനം ആരോപിക്കുകയുമായിരുന്നു. സംഭവത്തിൽ എട്ട് സ്ത്രീകളെയും ഒരു പുരുഷനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു വീടിനോടു ചേർന്നുള്ള ടെന്റിൽ സംഘടിപ്പിച്ച പ്രാർഥനാസമ്മേളനത്തിനിടെ ഹിന്ദുത്വദേശീയവാദികൾ അതിക്രമിച്ചുകയറുകയും ടെന്റ് തകർക്കുകയും പ്രാർഥനാസമ്മേളനത്തിന് ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് കസേരകളും മറ്റ് ഫർണിച്ചറുകളും നശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ക്രിസ്ത്യാനികൾ യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്നും മറിച്ചാണെങ്കിൽ അവരുടെ വിളകളും ഭൂമിയും നഷ്‌ടപ്പെടുന്നതുൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അക്രമിസംഘം ഭീഷണിപ്പെടുത്തി. അക്രമത്തിനു തൊട്ടുപിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന വ്യാജാരോപണത്തിൽ പ്രാർഥനാസംഘത്തിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മറ്റൊരു സംഭവത്തിൽ, ജയിലിൽ കിടക്കുന്നവരുടെ മോചനത്തിനായി പ്രാർഥിക്കാൻ സ്ത്രീകൾ ഒരു വീട്ടിൽ ഒത്തുകൂടിയപ്പോൾ, ഹിന്ദുത്വദേശീയവാദികൾ, അവിടെ മതപരിവർത്തനം നടക്കുന്നുവെന്ന് പൊലീസിനെ വിളിച്ചറിയിക്കുകയും അവിടെയുണ്ടായിരുന്ന മറ്റ് അഞ്ച് സ്ത്രീകൾ കൂടി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

ജയിലിൽ കഴിയുന്ന ഭൂരിഭാഗം സ്ത്രീകൾക്കും ചെറിയ കുട്ടികളുണ്ടെന്നും ചില കുടുംബങ്ങൾ പോറ്റിയിരുന്നത് ഈ സ്ത്രീകളായതിനാൽ അവരുടെ കുടുംബങ്ങൾ വലിയ സമ്മർദ്ദം അനുഭവിക്കുകയാണെന്നും ഒരു ദൃക്‌സാക്ഷി വിവരിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കിയ പതിനൊന്നു സംസ്ഥാനങ്ങളിൽ ഒന്നും ഇതാണ്. തീവ്ര ഹിന്ദുത്വദേശീയവാദികൾ പലപ്പോഴും ക്രിസ്ത്യാനികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ഈ നിയമത്തെ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ ആറുമാസത്തിനിടെ ഉത്തർപ്രദേശിൽ മാത്രം ക്രിസ്ത്യാനികൾക്കെതിരെ 155 അക്രമങ്ങളാണ് നടന്നത്.

Latest News