പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീനയുടെ പതനത്തിനുശേഷം ,ബംഗ്ലാദേശില്‍ 48 ജില്ലകളിലായി 278 സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടതായി ആരോപണം ഉയരുന്നു. പലതരത്തിലുള്ള ആക്രമണങ്ങളും ഭീഷണികളും ഹിന്ദു സമൂഹം നേരിടുന്നതായി ബംഗ്ലാദേശ് നാഷണല്‍ ഹിന്ദു ഗ്രാന്‍ഡ് അലയന്‍സ് ചൊവ്വാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.നശിപ്പിക്കാന്‍ നോക്കല്‍ , കൊള്ള, തീവെപ്പ്, ഭൂമി തട്ടിയെടുക്കല്‍, രാജ്യം വിടാനുള്ള ഭീഷണി തുടങ്ങിയ സംഭവങ്ങള്‍ മാറിമാറിവരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഭരണം കാരണം ഹിന്ദു സമൂഹത്തിന്മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതായി സഖ്യം അറിയിച്ചു.
ഇത് കേവലം വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണമല്ല മറിച്ച് ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്ന് ധാക്കയിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഖ്യത്തിന്റെ വക്താവ് പലാഷ് കാന്തി ഡേ പറഞ്ഞു.ആക്രമണ കാര്യങ്ങള്‍ തങ്ങള്‍ ആഭ്യന്തരകാര്യ ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ (റിട്ട) എം സഖാവത് ഹുസൈനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ മാറ്റത്തിന്റെ കാലത്ത് ഹിന്ദു സമൂഹത്തിനെതിരെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളില്‍ ദുഃഖമുണ്ടെന്ന് സഖ്യത്തിന്റെ പ്രസിഡന്റ് പ്രഭാസ് ചന്ദ്ര റോയ് അറിയിച്ചിരുന്നു. ഭരണമാറ്റം വരുമ്പോഴെല്ലാം ആദ്യം ആക്രമിക്കപ്പെടുന്നത് ഹിന്ദുക്കളാണെന്നും റോയ് കൂട്ടിച്ചേര്‍ത്തു. ”മുന്‍കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ കുറവായിരുന്നുവെങ്കിലും, അടുത്തിടെ അവ കൂടിവരുന്നു. സുരക്ഷിതത്വത്തോടെ ഈ രാജ്യത്ത് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഇവിടെയാണ് ജനിച്ചത്, ഞങ്ങള്‍ക്കും ഈ രാജ്യത്ത് അവകാശങ്ങളുണ്ട്,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് സഖ്യം തിങ്കളാഴ്ച ഇടക്കാല സര്‍ക്കാരിനെ സമീപിച്ചിരുന്നു. കലാപകര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം, ന്യൂനപക്ഷ സംരക്ഷണ നിയമവും കമ്മീഷനും, പൊതു ചിലവില്‍ ക്ഷേത്രങ്ങളും വീടുകളും പുനഃസ്ഥാപിക്കുക, വേഗത്തിലുള്ള വിചാരണ, തുടങ്ങി ഏഴ് ആവശ്യങ്ങള്‍ ആണ് സഖ്യം മുന്നോട്ട് വച്ചത്.