ചെങ്കടലിൽ യെമൻ വിമതസംഘമായ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ ചെറുക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സംയുക്ത നാവികസേനാ ദൗത്യത്തിൽ അമേരിക്കയെ എതിർത്ത് സഖ്യരാജ്യങ്ങൾ. ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ’ എന്നു പേര് നൽകിയിരിക്കുന്ന ഈ ദൗത്യത്തിൽ നിന്ന് യൂറോപ്യൻ യൂണിയനിലെ സഖ്യരാജ്യങ്ങൾ ഉൾപ്പടെ നിരവധി രാജ്യങ്ങൾ പിന്മാറിയിരിക്കുകയാണ്.
ഈ ദൗത്യത്തിന്റെ ഭാഗമല്ലെന്ന് അറിയിച്ചുകൊണ്ട് ഇറ്റലിയും സ്പെയിനും പരസ്യ പ്രസ്താവനയുമിറക്കിയിരുന്നു. ചെങ്കടലിൽ സുഗമമായ ചരക്കുനീക്കം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഇരുപതോളം അംഗരാജ്യങ്ങളുള്ള സംയുക്ത സുരക്ഷാ സംഘമാണ് ‘ഓപ്പറേഷൻ പ്രോസ്പെരിറ്റി ഗാർഡിയന്’ നേതൃത്വം നൽകുന്നത്. എന്നാൽ ഈ ഇരുപത് രാജ്യങ്ങളിൽ പകുതി രാജ്യങ്ങൾ പോലും ഈ നീക്കത്തോട് അനുഭാവം പ്രകടിപ്പിച്ചിട്ടില്ല. ഗാസയിൽ നടക്കുന്ന ഹമാസ്- ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക സ്വീകരിച്ച നിലപാടാണ് സഖ്യരാഷ്ട്രങ്ങൾ ഈ നീക്കത്തോട് സഹകരിക്കാത്തതിന് കാരണം.
ബ്രിട്ടൻ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അമേരിക്കയ്‌ക്കൊപ്പം നിൽക്കുന്നത് തിരിച്ചടിയാകുമോയെന്ന ഭയം യൂറോപ്യൻ രാജ്യങ്ങൾക്കുണ്ട്. നവംബർ മാസം 19 മുതൽ ആണ് ചെങ്കടലിൽ ഹൂതികൾ ആക്രമണം ആരംഭിച്ചത്. ഇതുവരെ ഏകദേശം 12 കപ്പലുകൾ അക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്റെയും ഫ്രാൻസിന്റെയും അമേരിക്കയുടെയും നാവികസേനകൾ പ്രത്യാക്രമണവും നടത്തുകയും ഡ്രോണുകളും മറ്റും വെടിവച്ചിടുകയും ചെയ്തിരുന്നു.