Friday, April 25, 2025

കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ സന്തുഷ്ടനല്ലെന്ന് ട്രംപ്

യുക്രൈനിലെ കീവിൽ കഴിഞ്ഞ ദിവസം റഷ്യ നടത്തിയ ആക്രമണങ്ങളിൽ താൻ സന്തുഷ്ടനല്ലെന്ന് ട്രംപ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇതെല്ലാം നിർത്തണമെന്നു പറഞ്ഞ ട്രംപ് പക്ഷെ, റഷ്യയ്‌ക്കെതിരെ കൂടുതൽ നടപടിയെടുക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി മുതൽ കീവിലുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ജൂലൈ മുതൽ കീവ് കണ്ട ഏറ്റവും മാരകമായ ആക്രമണങ്ങളെ തുടർന്ന്, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇരുവശത്തും താൻ വളരെയധികം സമ്മർദം ചെലുത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന കരാർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളിലെ ഏറ്റവും പുതിയ വഴിത്തിരിവാണിതെന്ന് ട്രംപ് പറഞ്ഞിരുന്നു.

വ്‌ളാഡിമിർ പുടിനെതിരെ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ എഴുതിയത്, “ഇത് ആവശ്യമില്ല. ഇത് വളരെ മോശം സമയമാണ്. പുടിൻ ഇത് നിർത്തൂ” എന്നാണ്. ഇതിനുമുൻപ്, തനിക്ക് ആരോടും കൂറില്ലെന്നും ജീവൻ രക്ഷിക്കാനുള്ള കൂറ് മാത്രമേ ഉള്ളൂ എന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. അതേസമയം ദക്ഷിണാഫ്രിക്കൻ സന്ദർശനവേളയിൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞത്, വെടിനിർത്തൽ ഉറപ്പാക്കാൻ അമേരിക്കയ്ക്ക് റഷ്യയുമായി കൂടുതൽ ശക്തമായി ഇടപെടാൻ കഴിയുമെന്ന് തനിക്ക് തോന്നുന്നുവെന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News