ഗാസയിലെ ഇസ്രയേല്‍ കടന്നാക്രമണം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ അമേരിക്കന്‍ ‘നയതന്ത്രജ്ഞര്‍’ വീണ്ടും സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഊര്‍ജ വിഭവ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി അമോസ് ഹോഷ്സ്റ്റീനും പിന്നാലെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഇസ്രയേലില്‍ എത്തും. ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍വച്ച് ഹമാസ് ഉപമേധാവി സാലിഹ് അറോറിയെ ഇസ്രയേല്‍ വധിച്ചതോടെ മധ്യപൗരസ്ത്യദേശമാകെ സംഘര്‍ഷമേഖലയാകുമെന്ന ഭീതിക്കിടെയാണ് സന്ദര്‍ശനം.
പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവരുള്‍പ്പെടെയുള്ള ഉന്നത നേതാക്കളുമായി ഇവര്‍ ചര്‍ച്ച നടത്തും. യുദ്ധം ആരംഭിച്ചശേഷം നാലാം തവണയാണ് ബ്ലിങ്കന്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
അതേസമയം, ഇസ്രയേല്‍- ഗാസ യുദ്ധം 90 ദിവസം പിന്നിട്ട വ്യാഴാഴ്ചയും രൂക്ഷമായ ആക്രമണം ഉണ്ടായി. ഗാസ, അധിനിവേശ വെസ്റ്റ് ബാങ്ക്, സിറിയ, ലബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ബുധനാഴ്ച ഒമ്പത് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസില്‍ ഒരു വീടിനുനേരെ നടത്തിയ ബോംബാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22,438 ആയി. ഖാന്‍ യൂനിസില്‍ റെഡ്ക്രസന്റ് ആസ്ഥാനത്തും ഇസ്രയേല്‍ ബോംബിട്ടു. സലാഹ് അല്‍-ദിന്‍ സ്ട്രീറ്റിലെ മാനുഷിക ഇടനാഴി ഇസ്രയേല്‍ അടച്ചുപൂട്ടി. പകരം തീരദേശ അല്‍-റാഷിദ് സ്ട്രീറ്റില്‍ മാനുഷിക ഇടനാഴി തുറന്നതായി സൈന്യം അറിയിച്ചു.
ഗാസയില്‍ ഇസ്രയേല്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് കലിഫോര്‍ണിയന്‍ അസംബ്ലിയില്‍ ജൂത സംഘടനകളുടെ പ്രതിഷേധം. ബുധനാഴ്ച അസംബ്ലിയില്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ സന്ദര്‍ശക ഗാലിറിയില്‍ 250ഓളം പേര്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ അസംബ്ലി ചേബംറിലേക്ക് ഇറങ്ങിയതോടെ സഭ പിരിച്ചുവിട്ടു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകള്‍ അസംബ്ലിയില്‍ പ്രദര്‍ശിപ്പിച്ചു. ജ്യൂവിഷ് വോയ്സ് ഫോര്‍ പീസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെടിനിര്‍ത്തല്‍ ഉടന്‍ നടപ്പാക്കണമെന്നും അമേരിക്ക ഇസ്രയേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.