യുദ്ധക്കെടുതിയും പട്ടിണിയും രൂക്ഷമായ ഗാസയില്‍ നേരിട്ട് സഹായമെത്തിച്ച് അമേരിക്ക. 38,000 ഭക്ഷണപ്പൊതികളാണ് പാരച്യൂട്ട് വഴി ഗാസ മുനമ്പിലെത്തിച്ചത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തെ തുടര്‍ന്ന് പ്രദേശത്ത് പട്ടിണിയും പകര്‍ച്ചവ്യാധിയും വ്യാപിക്കുകയാണ്.
സഹായവുമായെത്തിയ ട്രക്കില്‍ നിന്നും ഭക്ഷണം വാങ്ങാനായി തടച്ചുകൂടിയവര്‍ക്ക് നേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവെപ്പില്‍ കഴിഞ്ഞ ദിവസം 100 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഗാസയില്‍ ഭക്ഷണം നേരിട്ടത്തിക്കാന്‍ അമേരിക്ക തീരുമാനിച്ചത്. നേരത്തെ ജോര്‍ദാനും ഈജിപ്തും ഫ്രാന്‍സും സമാനമായ രീതിയില്‍ പാരച്യൂട്ട് വഴി ഗാസയില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തിരുന്നു. യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, ഇസ്രയേല്‍ യുദ്ധകാല മന്ത്രിസഭാംഗം ബെന്നി ഗാന്റ്‌സുമായി നാളെ കൂടിക്കാഴ്ച നടത്തും.
യുഎസും ജോര്‍ദാന്റെ വ്യോമസേനയും സംയുക്തമായാണ് ഗാസയില്‍ ഭക്ഷണം എയര്‍ഡ്രോപ് ചെയ്തത്. സംഘര്‍ഷബാധിത മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വരുന്ന ആഴ്ചകളിലും ജോര്‍ദാനുമായി ചേര്‍ന്ന് ഭക്ഷണം എയര്‍ഡ്രോപ് ചെയ്യുമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.
അതിനിടെ ഗാസയില്‍ ഭക്ഷണം കാത്തുനിന്നവരെ കൂട്ടക്കുരുതി ചെയ്തതാണെന്ന ആരോപണം ശരിവയ്ക്കുന്ന വിവരങ്ങള്‍ ഐക്യരാഷ്ട്രസഭ പുറത്തുവിട്ടു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ശരീരത്തില്‍ ബുള്ളറ്റ് കൊണ്ടുള്ള മുറിവുകളുണ്ടെന്ന് യുഎന്‍ നിരീക്ഷകര്‍ പറഞ്ഞു. അതേസമയം തിക്കിലും തിരക്കിലും പെട്ടാണ് മരണമെന്നാണ് ഇസ്രയേലിന്റെ വാദം. ഒക്ടോബര്‍ 7ന് തുടങ്ങിയ ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന് ഇതുവരെ അറുതിയായിട്ടില്ല.