അമേരിക്കയുടെ എതിരാളികളെ തടയാൻ ആണവായുധങ്ങളുടെ വലിപ്പം വർദ്ധിപ്പിക്കേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുല്ലിവന്‍. രാജ്യത്തെ ഏറ്റവും പഴയ ആയുധ നിയന്ത്രണ അഭിഭാഷക ഗ്രൂപ്പായ ആംസ് കൺട്രോൾ അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയിലാണ് സുല്ലിവന്റെ പരാമര്‍ശം. ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി പ്രകാരമുള്ള ആണവായുധ പരിധികൾ റഷ്യ പാലിച്ചാൽ യുഎസും പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“റഷ്യ- ചൈന ഉള്‍പ്പെടയുളള രാജ്യങ്ങളുടെ സംയുക്ത സൈന്യത്തെ പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് ആണവായുധ ശേഖരത്തിന്റെ വലുപ്പം വർദ്ധിപ്പിക്കേണ്ട ആവശ്യമില്ല, അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്.” സുല്ലിവന്‍ പറഞ്ഞു. 2026 -ല്‍ യുഎസിന്റെയും റഷ്യയുടെയും തന്ത്രപ്രധാനമായ ആണവായുധങ്ങൾ പരിമിതപ്പെടുത്തുന്ന ‘ന്യൂ സ്റ്റാർട്ട്’ ഉടമ്പടി അവസാനിക്കാനിരിക്കെയാണ് സുല്ലിവന്റെ പ്രഖ്യാപനം. റഷ്യ ഉടമ്പടിയിൽ ഉറച്ച് നില്ക്കുന്നിടത്തോളം കാലം അമേരിക്കയും ഉറച്ചുനിൽക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, 2026-ന് ശേഷമുള്ള ആയുധ നിയന്ത്രണ ചട്ടക്കൂട് വികസിപ്പിക്കുന്നതിനും റഷ്യയുമായി സമന്വേയത്തിനും അമേരിക്ക തയ്യാറാണെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി.