ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അമേരിക്ക. നിയുക്ത യു. എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നാടുകടത്തലിനുള്ള മുന്നൊരുക്കമായി അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ പട്ടിക യു. എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു.
ഐ. സി. ഇ. പട്ടിക പ്രകാരം ഈ നാടുകടത്തൽ 18,000 ഇന്ത്യക്കാരെ ബാധിക്കും. പുറത്താക്കപ്പെടുന്ന ഇന്ത്യക്കാരിൽ ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയയ്ക്കും എന്നാണ് സൂചന. മതിയായ രേഖകളില്ലാതെ രാജ്യത്തു കഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യു. എസ്. തിരിച്ചയച്ചിരുന്നു. എന്നാൽ അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി ഐ. സി. ഇ. ഇന്ത്യയെ സഹകരിക്കാത്തവരുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മടങ്ങിയെത്തുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന വിമുഖത അടിസ്ഥാനമാക്കി രാജ്യങ്ങളെ പല വിഭാഗത്തിലായി തരംതിരിച്ചിരുന്നു. ഇതിൽ സഹകരിക്കാത്തവരുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങൾ ഉണ്ട്. കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തര സുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിരുന്നു.