തവാങ്ങിലെ അതിർത്തിയിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തെയും അതിനെ തുടർന്ന് സംഘർഷം ഉണ്ടായതുമായ സംഭവത്തിൽ പ്രതികരണവുമായി അമേരിക്ക. ഏറ്റുമുട്ടലിൽനിന്ന് ഇന്ത്യയും ചൈനയും ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നതായും പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റെയ്ഡർ അറിയിച്ചു.
അമേരിക്കയുടെ പങ്കാളികളായ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമെന്നും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പരിശ്രമങ്ങളെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും പാറ്റ് വ്യക്തമാക്കി. ഏറ്റുമുട്ടലിൽനിന്ന് ഇന്ത്യയും ചൈനയും ഉടൻ പിന്മാറിയതിൽ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ പിയറി പറഞ്ഞു. വിഷയം അമേരിക്ക നിരീക്ഷിച്ചുവരികയാണെന്നും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തിയിലെ തർക്കത്തിൽ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയ്ക്കും ചൈനയ്ക്കും എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ഡിസംബർ ഒമ്പതിനാണ് അരുണാചൽ പ്രദേശിലെ കിഴക്കൻ തവാങ് സെക്ടറിൽപ്പെടുന്ന യാങ്സേയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ഏറ്റുമുട്ടിയത്. എന്നാൽ ഇതു സംബന്ധിച്ച വിവരങ്ങൾ തിങ്കളാഴ്ചയാണ് സൈന്യം പുറത്തു വിട്ടത്. ഏറ്റുമുട്ടലിൽ രണ്ടു രാജ്യങ്ങളുടെയും സൈനികർക്ക് നിസാരമായ പരിക്കേറ്റിരുന്നു.