അമേരിക്കയിൽ തുല്യവേതന നിയമത്തിനായി പോരാടിയ ലില്ലി ലെഡ്ബെറ്റർ അന്തരിച്ചു; 86 വയസ്സായിരുന്നു. കുടുംബക്കാരുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യത്തിൽ ശാന്തമായ മരണമായിരുന്നു ലില്ലി ലെഡ്ബെറ്ററിന്റേതെന്ന് ബി. ബി. സി. റിപ്പോർട്ട് ചെയ്തു.
ലില്ലി ലെഡ്ബെറ്റർ ഫെയർ പേ റിസ്റ്റോറേഷൻ ആക്ട് തൊഴിലാളികൾക്ക് ശമ്പളത്തിലൂടെ വിവേചനം നേരിടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് കേസ് ഫയൽ ചെയ്യുന്നത് എളുപ്പമാക്കി. ലെഡ്ബെറ്ററുടെ പ്രവർത്തനങ്ങൾ 2009-ൽ യു. എസ്. പ്രസിഡന്റായതിനുശേഷം ബരാക് ഒബാമ ഒപ്പിട്ട ആദ്യത്തെ ബില്ലിലേക്കു നയിച്ചു. നമ്മുടെ ജോലിസ്ഥലങ്ങളിൽ രണ്ടാംകിട പൗരന്മാർ ഇല്ലെന്ന സന്ദേശമാണ് നിയമം നൽകിയതെന്ന് ബില്ലിൽ ഒപ്പുവച്ചുകൊണ്ട് ഒബാമ പറഞ്ഞിരുന്നു.
ഒബാമ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന പ്രസിഡന്റ് ബൈഡൻ, ലെഡ്ബെറ്ററിനെ നിർഭയനേതാവും തുല്യശമ്പളത്തിന്റെ വക്താവുമായി വിശേഷിപ്പിച്ചിരുന്നു. “അവരുടെ പോരാട്ടം ഫാക്ടറിയുടെ താഴെത്തട്ടിൽനിന്ന് ആരംഭിച്ച് സുപ്രീം കോടതിയിലും കോൺഗ്രസിലും എത്തി. എല്ലാ അമേരിക്കക്കാർക്കും അർഹമായ പ്രതിഫലം ലഭിക്കുന്നതിനായി അവർ തന്റെ പോരാട്ടം അവസാനിപ്പിച്ചില്ല” – ബൈഡൻ കൂട്ടിച്ചേർത്തു.
ഏകദേശം 20 വർഷത്തോളം അലബാമയിലെ ടയർ നിർമാതാക്കളായ ഗുഡ്ഇയറിന്റെ സൂപ്പർവൈസറായി ജോലിചെയ്തിരുന്ന മിസ് ലെഡ്‌ബെറ്റർ, അതേ ജോലിചെയ്യുന്ന പുരുഷന്മാരെക്കാൾ കുറഞ്ഞ വേതനം തനിക്ക് ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തുല്യവേതനത്തിനായുള്ള പോരാട്ടം ആരംഭിച്ചത്. ആദ്യം വിവേചനം നടന്ന് ആറുമാസത്തിനുള്ളിൽ പരാതി നൽകിയിട്ടില്ലാത്തതിനാൽ അവർക്ക് കേസ് ഫയൽ ചെയ്യാൻ യാതൊരു അടിസ്ഥാനവുമില്ലെന്ന് 2007-ൽ സുപ്രീം കോടതി വിധിച്ചു. എങ്കിലും പിന്നോട്ടുപോകാതെ അമേരിക്കയിലെ തുല്യവേതനത്തിനായി പോരാടുകയിരുന്നു ഇവർ.