അമേരിക്കയിലെ വനത്തിൽനിന്ന് ആയിരക്കണക്കിനു കഴുകന്മാരെയും പരുന്തിനെയും കരിഞ്ചന്തയിൽ വിൽക്കാൻ കൊന്നതിന് നാലു വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് രാജ്യത്തെ പ്രമുഖ രാഷ്ട്രീയനേതാവ്. വാഷിംഗ്ടണിലെ കുസിക്കിൽ നിന്നുള്ള ട്രാവിസ് ജോൺ ബ്രാൻസണെയാണ് ഗൂഢാലോചന, വന്യജീവികടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചത്.
മൊണ്ടാന സംസ്ഥാനത്തെ ഫ്ലാറ്റ്‌ഹെഡ് ഇന്ത്യൻ റിസർവേഷനിൽ വർഷങ്ങളോളം ഈ വേട്ടസംഘം പ്രവർത്തിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ആദിവാസിവിഭാഗങ്ങളുടെ ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കുംവേണ്ടിയുള്ള തൂവലുകൾക്കും പക്ഷികളുടെ മറ്റു ഭാഗങ്ങൾക്കുംവേണ്ടിയുള്ള ആവശ്യം മുതലെടുത്താണ് സംഘം വേട്ടയാടൽ നടത്തിയിരുന്നത്. പ്രതിയും കൂട്ടരും ചേർന്ന് കുറഞ്ഞത് 118 കഴുകന്മാരും 107 പരുന്തുകളും ഉൾപ്പെടെ മൊത്തത്തിൽ 3,600 പക്ഷികളെ കൊന്നതായാണ് റിപ്പോർട്ട്.
അധികം വളർച്ചയെത്താത്ത സ്വർണ്ണപ്പരുന്തുകളുടെ കറുപ്പും വെളുപ്പും നിറമുള്ള തൂവലുകൾക്ക് തദ്ദേശീയരായ അമേരിക്കക്കാർക്കിടയിൽ വൻ ഡിമാൻഡാണുള്ളത്. ഈ പ്രിയമാണ് വേട്ടസംഘം മുതലെടുത്തത്.
അമേരിക്കയിൽ ഏറ്റവും കൂടുതൽ പരുന്തുകളും കഴുകന്മാരും മറ്റു പക്ഷികളും ഉള്ളത് മൊണ്ടാനയിലെ ഫ്ലാറ്റ്‌ഹെഡ് ഇന്ത്യൻ റിസർവേഷനിലാണ്. എൽക്ക്, പശുക്കിടാക്കൾ, മാൻ എന്നിവയുടെ അവശിഷ്ടങ്ങൾ വനത്തിൽ കൊണ്ടിടുകയും പക്ഷികൾ അത് കഴിക്കാൻ വരുമ്പോൾ അവയെ വെടിവയ്ക്കുകയുമാണ് ഇവരുടെ രീതി. പ്രതിവർഷം 300 മുതൽ 400 വരെ പക്ഷികളെ കൊല്ലുന്ന ഈ സംഘം 2009 മുതൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
ബ്രാൻസൺ പക്ഷികളെ വേട്ടയാടിക്കൊന്നത് നിയമം ലംഘിക്കുകയാണെന്ന പൂർണ്ണമായ അറിവോടെയെന്ന് കോടതി വിലയിരുത്തി. ശിക്ഷിക്കപ്പെടുന്നതിനുമുമ്പ്, ബ്രാൻസൺ കോടതിയോടും കുടുംബത്തോടും ക്ഷമാപണം നടത്തി.