അമേരിക്കയുടെ നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാർഡ് ഇന്ത്യൻ വംശജരായ രണ്ടു ശാസ്ത്രജ്ഞർക്ക് ലഭിച്ചു. ഇന്തോ-അമേരിക്കൻ ശാസ്ത്രജ്ഞരായ അശോക് ഗാഡ്കിൽ, സുബ്ര സുരേഷ് എന്നിവർക്കാണ് അംഗീകാരം ലഭിച്ചത്. സാങ്കേതിക നേട്ടത്തിനുള്ള അമേരിക്കയുടെ ഏറ്റവും പരമോന്നത ബഹുമതിയാണ് നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാർഡ്.
സുസ്ഥിര വികസന മേഖലയിൽ അറിയപ്പെടുന്ന അശോക് ഗാഡ്കിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രഫസറും ലോറൻസ് ബെർക്ക്ലി നാഷണൽ ലബോറട്ടറിയിലെ മുതിർന്ന ശാസ്ത്രജ്ഞനുമാണ്. വികസ്വര രാജ്യങ്ങളിൽ ശുദ്ധജല ലഭ്യത, ഊർജ കാര്യക്ഷമത, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലാണ് ഗാഡ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുംബൈയിൽ നിന്നും യു. എസിലെത്തിയതാണ് ഗാഡ്കിൽ.
നാഷണൽ മെഡൽ ഓഫ് ടെക്നോളജി ആൻഡ് ഇന്നവേഷൻ അവാർഡ് നേടിയ സുബ്ര സുരേഷ് അമേരിക്കൻ ബയോ എഞ്ചിനീയറും മെറ്റീരിയൽ സയന്റിസ്റ്റും അക്കാദമിക് വിദഗ്ധനുമാണ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ മുൻ ഡീനും പ്രഫസർ എമിരിറ്റസും ഒപ്പം മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അഞ്ച് സ്കൂളുകളിൽ ഒന്നിനെ നയിച്ച ആദ്യ ഏഷ്യൻ പ്രഫസറും കൂടിയാണ് സുബ്ര. ഫിസിക്കൽ സയൻസ്, ലൈഫ് സയൻസസ്, മെഡിസിൻ എന്നിവയിലാണ് അദ്ദേഹത്തിൻറെ ഗവേഷണം.