Sunday, May 11, 2025

സുരക്ഷാ ആശങ്കകൾക്കിടയിൽ കേരളത്തിലും ഇന്ന് വ്യാപകമായി സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

രാജ്യം ഒരു അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന സാഹചര്യത്തിൽ ഇന്ന് ഇന്ത്യയിലെ പ്രധാന ന​ഗരങ്ങളിലടക്കം രാജ്യവ്യാപകമായി മോക്ക് ഡ്രിൽ നടത്തും. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായി വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഉയർന്നുവന്ന പുതിയതും സങ്കീർണ്ണവുമായ ഭീഷണികൾ കണക്കിലെടുത്ത് ഇന്ത്യയുടെ സന്നദ്ധത ശക്തിപ്പെടുത്തുക എന്നതാണ് മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നത്.

യുദ്ധം, പ്രകൃതിദുരന്തങ്ങൾ, ഭീകരാക്രമണങ്ങൾ അല്ലെങ്കിൽ മറ്റ് പ്രതികൂല സാഹചര്യങ്ങളിൽ സാധാരണക്കാരെയും അധികാരികളെയും സജ്ജമാക്കുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന ഒരു അടിയന്തര പരിശീലനമാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ.

കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ശരിയായ നിർവഹണം ഉറപ്പാക്കാൻ സംസ്ഥാന ചീഫ് സെക്രട്ടറി എ ജയതിലക് എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും ഈ പരിശീലനവുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. റസിഡന്റ്സ് അസോസിയേഷനുകൾ, പഞ്ചായത്തുകൾ തുടങ്ങിയ തദ്ദേശസ്ഥാപനങ്ങൾക്ക് ഈ ഡ്രിൽ ഏകോപിപ്പിക്കുന്നതിന് വാർഡ് തല വാർഡന്മാരെ നിയമിച്ചിട്ടുണ്ട്.

ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യ രാജ്യവ്യാപകമായി ഒരു മോക്ക് ഡ്രിൽ നടത്തും. ദേശീയ ദുരന്തനിവാരണ അതോറിറ്റി സംഘടിപ്പിക്കുന്ന ഈ ഡ്രിൽ ആശുപത്രികൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ അടിയന്തര പ്രതികരണം പരീക്ഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News