Monday, November 25, 2024

മണിപ്പൂര്‍ അക്രമങ്ങള്‍ക്കിടയിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തെ അപലപിച്ച് ആംനസ്റ്റി റിപ്പോര്‍ട്ട്

കുക്കി ന്യൂനപക്ഷങ്ങള്‍ക്കെതിരായ മാരകമായ അക്രമങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഭരണാധികാരികള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതിനെ അപലപിച്ച് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഈ ആഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്‌ക്രിയത്വത്തെ സംഘടന അപലപിച്ചത്.

2023 മെയ് മൂന്നു മുതല്‍, വംശീയ അക്രമങ്ങള്‍ അനിയന്ത്രിതമായി തുടരുന്ന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍, കുറഞ്ഞത് 200 പേരെങ്കിലും കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തു. കൂടാതെ, കലാപത്തെത്തുടര്‍ന്ന് വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഗ്രാമങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ കത്തിക്കുകയും ആക്രമിക്കുകയും കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും സര്‍ക്കാര്‍ മൗനം തുടരുകയാണ്.

ഇതിനിടയില്‍ പ്രബലമായ മെയ്‌തേയ് സമുദായവും ന്യൂനപക്ഷമായ കുക്കിയും മറ്റ് ആദിവാസി-മലയോരസമുദായങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തുറന്നുപറയാന്‍ ധൈര്യപ്പെട്ടവരെ അടിച്ചമര്‍ത്തുന്നത് ഇവിടെ തുടരുന്ന അനീതികളില്‍ ഒന്നാണെന്ന് സംഘടന ചൂണ്ടിക്കാണിക്കുന്നു. മനുഷ്യാവകാശസംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്, മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ മാരകമായ അക്രമങ്ങള്‍ക്കിടയില്‍ സുരക്ഷ ശക്തമാക്കാത്തതായും അതിന് അധികാരികള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതും വെളിപ്പെടുത്തുന്നു.

‘മണിപ്പൂരില്‍ ദുരുപയോഗങ്ങള്‍ അവസാനിപ്പിക്കുന്നതിലും ആളുകളെ സംരക്ഷിക്കുന്നതിലും കുറ്റവാളികളെന്നു സംശയിക്കുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും സംസ്ഥാന-കേന്ദ്രസര്‍ക്കാരുകളുടെ പൂര്‍ണ്ണമായ പരാജയം സമൂഹങ്ങളെ ഭയപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്തു. അധികാരികളുടെ 14 മാസത്തെ നിഷ്‌ക്രിയത്വവും മൗനവും ഉടന്‍ അവസാനിപ്പിക്കണം’ – സംഘടന ആവശ്യപ്പെട്ടു.

Latest News