Monday, November 25, 2024

‘കറുത്ത വ്യാളി’ പോല്‍ അമുര്‍ നദി

ലോകത്തിലെ നദികളില്‍ ഏറ്റവും നീളം കൂടിയ പത്താമത്തെ നദിയാണ് അമുര്‍ അഥവാ ഹൈലോംഗ്. 4,444 കിലോമീറ്ററാണ് നീളം. ചൈനീസ് ഭാഷയില്‍ ഈ പേരിന്റെ അര്‍ഥം കറുത്ത വ്യാളി എന്നാണ്. റഷ്യയുടെയും ചൈനയുടെയും അതിര്‍ത്തിയായും ഈ നദി കണക്കാക്കപ്പെടുന്നു. 1689 ലെ നെര്‍ച്ചിന്‍സ്‌ക് ഉടമ്പടിയില്‍ റഷ്യ-ചൈന ബന്ധം ഔപചാരികമാക്കിയതോടെയാണ് അമുര്‍ നദിയെ ചൈന-റഷ്യ അതിര്‍ത്തിയായി സ്ഥാപിച്ചത്. മംഗോളിയ, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലൂടെയാണ് അമുര്‍ നദി ഒഴുകുന്നത്.

വടക്കുകിഴക്കന്‍ ചൈനയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള കുന്നുകളില്‍ നിന്നുത്ഭവിക്കുന്ന അമുര്‍ നദിയുടെ രണ്ട് പ്രധാന പോഷകനദികളാണ് ശില്‍ക നദിയും, എര്‍ഗൂണ്‍ നദിയും. ചെറുതും വലുതുമായ ഇരുനൂറോളം പോഷകനദികള്‍ വേറെയുമുണ്ട്. പസഫിക് സമുദ്രത്തിലെ ടാര്‍ട്ടര്‍ കടലിടുക്കിലേക്കാണ് ഒഴുക്ക്. ഒട്ടനവധി ഡിനോസര്‍ ഫോസ്സിലുകള്‍ ഈ നദിയുടെ കരയില്‍ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്. അമ്യുറോസോറസ്, അര്‍ക്കാരാവിയ, ക്യാറനോസോറസ് എന്നിവയാണ് ഇവയില്‍ പ്രധാന ഫോസ്സിലുകള്‍. റഷ്യയിലെയും ചൈനയിലെയും പുരാതന ജനതയുടെ വാസസ്ഥലവുമായിരുന്നു ഈ നദീതീരം.

വേനല്‍ക്കാലത്തും ശരത്കാലത്തും പെയ്യുന്ന മണ്‍സൂണ്‍ മഴയാണ് പ്രധാനമായും നദിയെ പോഷിപ്പിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ കാര്യത്തിലും അമുര്‍ നദി മുന്‍നിരയിലാണ്. പുല്‍മേടുകളുടെ മരുഭൂമി മുതല്‍ തുണ്ട്ര വരെയുള്ള വിവിധ പരിതസ്ഥിതികള്‍ നദീതീരത്തെയും സമ്പന്നമാക്കുന്നു. 20 ഇനം കരിമീന്‍, സൈബീരിയന്‍ സാല്‍മണ്‍, ചൈനീസ് പെര്‍ച്ച് എന്നിവയുള്‍പ്പെടെ നൂറിലധികം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ് അമുര്‍ നദി. ലോകത്തിലെ ഓറിയന്റല്‍ വെള്ളക്കൊക്കിന്റെ 95 ശതമാനവും കൂടാതെ ഗണ്യമായ എണ്ണം കൊക്കുകളും മറ്റ് പക്ഷികളും വസിക്കുന്ന പ്രദേശമാണ് അമുര്‍ നദിയ്ക്ക് ചുറ്റുമുള്ള പ്രദേശം.

അമുര്‍ നദിയെ അപ്പര്‍, മിഡില്‍, ലോവര്‍ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഫാര്‍ ഈസ്റ്റ് റഷ്യയിലെ ഏറ്റവും വലിയ ഷിപ്പിംഗ് പാതകൂടിയാണ് അമുര്‍. മഞ്ഞില്ലാത്ത സമയത്ത്, മെയ് മുതല്‍ നവംബര്‍ വരെ മുഴുവന്‍ സമയവും അമുര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കും. റഷ്യയിലെ ഖബറോവ്സ്‌ക്, കൊംസോമോള്‍സ്‌ക്-ഓണ്‍-അമുര്‍ എന്നിവയാണ് അമുര്‍ നദിക്കരയിലുള്ള ഏറ്റവും ശ്രദ്ധേയമായ നഗരങ്ങള്‍. അണക്കെട്ടില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ നദിയെന്ന വിശേഷണവും അമുറിന് സ്വന്തം.

കാലാനുസൃതമായി മാറിമാറി വരുന്ന മണ്‍സൂണ്‍ കാറ്റും അതിന്റെ സ്ഥാനവും അമുര്‍ തടത്തിന്റെ കാലാവസ്ഥയെ ബാധിക്കുന്നു. ധ്രുവ ശീതകാലത്ത് ഭൂഖണ്ഡാന്തര വായു പിണ്ഡം നദീതടത്തില്‍ ആധിപത്യം പുലര്‍ത്തുന്നു. ഇത് വരണ്ട കാലാവസ്ഥയ്ക്കും -20 മുതല്‍ -33 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയ്ക്കും കാരണമാകുന്നു. വേനല്‍ക്കാലത്ത്, നദീതടത്തില്‍ സമുദ്ര വായു പിണ്ഡം ലഭിക്കുന്നു. ഇത് താപനിലയെ 18 മുതല്‍ 22 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കും. അമുര്‍ തടത്തില്‍ അസമമായ മഴയാണ് ലഭിക്കുന്നത്. തെക്കന്‍ ഭാഗത്ത് പ്രതിവര്‍ഷം 900 മില്ലിമീറ്റര്‍ വരെ ലഭിക്കുന്നു. മധ്യഭാഗത്ത് പരമാവധി 600 മില്ലിമീറ്റര്‍ വരെ ലഭിക്കും. പടിഞ്ഞാറന്‍ ഭാഗത്താണ് ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്നത്. 300 മുതല്‍ 400 മില്ലിമീറ്റര്‍ വരെയാണത്.

Latest News