പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കാനിരിക്കെ സര്‍വകക്ഷിയോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 4:30 ന് യോഗം നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അറിയിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ നേതാക്കള്‍ക്കും ഇ-മെയില്‍ വഴി ക്ഷണം അയച്ചിട്ടുണ്ടെന്നും അദ്ദേഹം എക്സില്‍ എഴുതി.
സെപ്തംബര്‍ 18 മുതല്‍ 22 വരെ നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഓഗസ്റ്റ് 31 ന് ആണ് പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വെളിപ്പെടുത്താത്തതില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.
അതേസമയം, പഴയ പാര്‍ലമെന്റ് മന്ദിരത്തിലാണ് പ്രത്യേക സമ്മേളനം ആരംഭിക്കുകയും അടുത്ത ദിവസം പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നുമാണ് പ്രഖ്യാപനം. ഇന്ത്യയെ ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള പ്രമേയം സര്‍ക്കാര്‍ പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും. ഇന്ത്യന്‍ ഭരണഘടന നിലവില്‍ രാജ്യത്തെ വിശേഷിപ്പിക്കുന്നത് ‘ഇന്ത്യ, അതാണ് ഭാരതം…’ എന്നാണ്, എന്നാല്‍ ഇത് കേവലം ‘ഭാരതം’ എന്ന് ഭേദഗതി ചെയ്യാനുള്ള മുറവിളിയാണ് ഉയരുന്നുന്നത്.