നിയമവിരുദ്ധമായി അതിർത്തി കടന്ന അമേരിക്കൻ പൗരനെ കസ്റ്റഡിയിൽ എടുത്ത് ഉത്തര കൊറിയ. ഇത് സംബന്ധിച്ച വിവരം യു.എൻ കമാൻഡാണ് പുറത്തുവിട്ടത്. അമേരിക്കൻ പൗരനെ മോചിപ്പിക്കാൻ ഉത്തര കൊറിയൻ അധികൃതരെ ബന്ധപ്പെട്ടുവരുകയാണെന്നും അവർ അറിയിച്ചു.
ഉത്തര കൊറിയൻ അതിർത്തി കടന്നയാൾ യു.എസ് സൈനികനാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. എന്നാൽ ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ശക്തമായ സൈനിക കാവലുള്ള മേഖലയിൽ ഇയാൾ എങ്ങനെയാണ് അതിർത്തി കടന്നതെന്നും വ്യക്തമല്ല.
അതേസമയം, കഴിഞ്ഞ ദിവസം ദക്ഷിണകൊറിയൻ തീരത്ത് ആണവായുധ ശേഷിയുള്ള മുങ്ങികപ്പൽ യുഎസ് വിന്യസിപ്പിച്ചിരുന്നു. കൂടാതെ മേഖലയിൽ ദക്ഷിണ കൊറിയയുമായി ചേർന്ന് സംയുക്ത സൈനീകാഭ്യാസം യുഎസ് നടത്തി വരികയുമാണ്. ഇതിനിടയിലാണ് അമേരിക്കൻ പൗരൻ നിയമവിരുദ്ധമായി അതിർത്തി കടന്നു എന്ന വാർത്തകൾ പുറത്തുവരുന്നത്.