യു.എ.ഇയില്‍ 90 ദിവസം കാലാവധിയുളള സന്ദര്‍ശകവിസ അനുവദിച്ചതിനുപിന്നാലെ, അതിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മൂന്നുമാസത്തെ വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ട്രാവല്‍ ഏജന്‍സികളാണ് അറിയിച്ചത്. അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും തൊഴിലന്വേഷകരാണെന്നും ഏജന്‍സികള്‍ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് 90 ദിവസം കാലാവധിയുളള സന്ദര്‍ശകവിസ യു.എ.ഇ പുനഃരാരംഭിച്ചത്. 90 ദിവസം വരെ യു.എ.ഇയില്‍ തങ്ങാനും ജോലികണ്ടെത്താനും സാവകാശം ലഭിക്കും എന്നതിനാലാണ് ഈ കാറ്റഗറിയിലുള്ള വിസയ്ക്ക് ആവശ്യക്കാര്‍ ഏറിയതെന്നാണ് ഏജന്‍സികളുടെ വിലയിരുത്തല്‍. നിലവില്‍ മൂന്നുമാസത്തെ വിസ രണ്ട് കാറ്റഗറികളിലായാണ് അനുവദിക്കുന്നത്. യു.എ.ഇയില്‍ റസിഡന്‍സ് വിസയുളള ആള്‍ക്ക് അടുത്ത കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസര്‍ ചെയ്യാന്‍ കഴിയുന്നതാണ് ഇതില്‍ ആദ്യത്തേത്. സ്‌പോണ്‍സര്‍ ചെയ്യുന്ന ആള്‍ക്ക് ആറായിരം ദിര്‍ഹത്തില്‍ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം.
ട്രാവല്‍ ഏജന്‍സികള്‍ വഴി സന്ദര്‍ശകവിസ അനുവദിക്കുന്നതാണ് രണ്ടാമത്തെ കാറ്റഗറി. ട്രാവല്‍ ഏജന്റായിരിക്കും ഇവിടെ സ്പോൺസര്‍. പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ഫോട്ടോയും മാത്രമാണ് ഇതിന് ആവശ്യമായ രേഖകള്‍. 1200 ദിര്‍ഹം മുതല്‍ 1400 ദിര്‍ഹം വരെയാണ് വിസയ്ക്ക് ചെലവ് വരുന്നത്. അപേക്ഷ നല്‍കിയാല്‍ രണ്ടു മുതല്‍ അഞ്ച് ദിവസം വരെയുള്ള കാലയളവില്‍ വിസ ലഭിക്കും.