ശുചീകരണ തൊഴിലാളിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. സിഡ്നി റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് സംഭവം. തമിഴ്നാട് സ്വദേശി മുഹമ്മദ് റഹ്മത്തുള്ള സയ്യിദ് അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടോഎന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
സിഡ്നിയിലെ ഔബൺ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളിയെ അഹ്മദ് ആക്രമിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും ഇവര്‍ക്ക് നേരെ ഭീഷണി മുഴക്കിയതായാണ് വിവരം. പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ അഹമ്മദ് ആക്രമിക്കാൻ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയ അഹമ്മദിനെ വെടിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു. വെടിയുതിര്‍ത്തതിനു പിന്നാലെ സംഭവ സ്ഥലത്ത് വെച്ച് അഹമ്മദിന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ക്ലീനറുമായി പോലീസ് സംസാരിച്ചു. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാല്‍ “സംഭവം അങ്ങേയറ്റം അസ്വസ്ഥവും ദൗർഭാഗ്യകരവുമാണെന്ന്” ഇന്ത്യൻ കോൺസുലേറ്റ് പറഞ്ഞു. വിഷയത്തിൽ ഫോറിൻ അഫയേഴ്സ് ആന്റ് ട്രേഡ് ഡിപ്പാർട്ട്മെന്റ്, ന്യൂ സൗത്ത് വെയിൽസ് ഓഫീസ്, സംസ്ഥാന പോലീസ് അധികാരികൾ എന്നിവരുമായി കോൺസുലേറ്റ് ചർച്ച നടത്തുന്നുണ്ട്.