യുകെയിലെ ഉന്നത സാമ്പത്തിക സമിതിയിലേക്ക് ഇന്ത്യൻ വംശജൻ ഉൾപ്പടെ നാലു ധനകാര്യ വിദഗ്ദരെ നിയമിച്ചു. ഇത് സംബന്ധിച്ച് പ്രഖ്യാപനം യുകെ ചാൻസിലർ ജെറമി ഹണ്ട് നടത്തി. സാമ്പത്തിക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുശീൽ വാധ്വാനിയാണ് സമിതിയിലെ ഏക ഇന്ത്യൻ വംശജൻ.
പിജെഐഎം വാധ്വാനി അസെറ്റ് മാനേജ്മെൻറിൻറെ മേധവിയും നിക്ഷേപ മേഖലയിൽ 30 വർഷത്തിലധികം പരിചയസമ്പത്തുമുള്ള വ്യക്തിയുമാണ്. മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ സ്വതന്ത്ര മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വാധ്വാനിയെ കൂടാതെ ഗെർട്ട്ജൻ വ്ലീഗെ, റൂപർട്ട് ഹാരിസൺ, കാരെൻ വാർഡ് എന്നിവരും യുകെ ഉന്നത സാമ്പത്തിക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സാമ്പത്തിക നിക്ഷേപ മേഖലയിൽ സർക്കാരിന് സ്വതന്ത്ര നിർദ്ദേശം നൽകുക എന്നതാണ് സമിതിയുടെ ഉത്തരവാദിത്വം.