അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന് മുന്നോടിയായി പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള 50 വധുവരന്മാരെ ഉള്‍പ്പെടുത്തി സമൂഹവിവാഹം നടത്തി അംബാനി കുടുംബം. മുംബൈയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പാല്‍ഗര്‍ പ്രദേശത്ത് നിന്നുള്ള വധുവരന്മാരെയാണ് സമൂഹ വിവാഹത്തിനായി തെരഞ്ഞെടുത്തത്. റിലയന്‍സ് കോര്‍പ്പറേറ്റ് പാര്‍ക്കില്‍ വെച്ചായിരുന്നു സമൂഹവിവാഹം സംഘടിപ്പിച്ചത്.
വധുവരന്മാരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 800ലധികം പേര് ചടങ്ങില്‍ പങ്കെടുത്തു. ഇതിലൂടെ മനുഷ്യസേവയാണ് യഥാര്‍ത്ഥ ദൈവ സേവയെന്ന ആശയം അംബാനി കുടുംബം ഉയര്‍ത്തിപ്പിടിക്കുകയാണെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രധാന ചടങ്ങുകള്‍ക്കും മുമ്പ് പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള കാര്യങ്ങളും അംബാനി കുടുംബം ചെയ്യാറുണ്ട്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ചടങ്ങിനെത്തിയ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മറ്റ് കുടുംബാംഗങ്ങളും നവ വധുവരന്മാര്ക്ക് ആശംസകള്‍ നേര്‍ന്നു.
വിവാഹത്തില്‍ പങ്കെടുത്ത വധുവരന്മാര്ക്ക് താലിയും മോതിരവും മറ്റ് സ്വര്‍ണ്ണാഭരണങ്ങളും സമ്മാനിച്ചിരുന്നു. കൂടാതെ വെള്ളിയില്‍ തീര്‍ത്ത ആഭരണങ്ങളും ഇവര്‍ക്ക് സമ്മാനിച്ചിരുന്നു.
ചടങ്ങില്‍ പങ്കെടുത്ത ഓരോ വധുവിനും ഒരു ലക്ഷത്തിയൊന്നു രൂപയുടെ ചെക്കും നല്കി. ഒരുവര്‍ഷത്തേക്ക് ആവശ്യമായ പലവ്യഞ്ജനങ്ങളും എല്ലാ വീട്ടുപകരണങ്ങളും നവദമ്പതികള്‍ക്ക് അംബാനി കുടുംബം സമ്മാനിച്ചു.
നവദമ്പതിമാരുടെ കുടുംബാംഗങ്ങളെക്കൂടാതെ പ്രാദേശിക രാഷ്ട്രീയ പ്രതിനിധികളും സമൂഹവിവാഹത്തില്‍ പങ്കെടുത്തു. വിവാഹച്ചടങ്ങിന് ശേഷം വിഭവ സമൃദ്ധമായ അത്താഴവിരുന്നും ഒരുക്കിയിരുന്നു. കൂടാതെ വാര്‍ളി ഗോത്രവിഭാഗത്തിന്റെ തര്‍പ നൃത്തവും വേദിയില്‍ അരങ്ങേറി.