Thursday, April 3, 2025

3.2 ബില്യൺ വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ പതിച്ച ഭീമൻ ഉൽക്കാശില ജീവന്റെ തുടക്കത്തിന് ആക്കം കൂട്ടിയെന്ന് പുതിയ പഠനം

മൂന്ന് ബില്യൺ വർഷങ്ങൾക്കുമുമ്പ് നാല് എവറസ്റ്റ് കൊടുമുടിയുടെ വലുപ്പമുള്ള ഒരു കൂറ്റൻ ബഹിരാകാശ പാറ ഭൂമിയിലേക്ക് പതിച്ചുവെന്നും അതിന്റെ ആഘാതം നമ്മുടെ ഗ്രഹത്തിലെ ആദ്യകാല ജീവജാലങ്ങളുടെ തുടക്കത്തിന് പ്രയോജനകരമായെന്നും പുതിയ പഠനം. നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച എസ് 2 ആഘാതവും അതിന്റെ അനന്തരഫലങ്ങളും വിവരിക്കുന്ന ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.

സാധാരണ, ഒരു വലിയ മീറ്റിയോറൈറ്റ് അല്ലെങ്കിൽ ബഹിരാകാശപാറ ഭൂമിയിലേക്കു പതിക്കുമ്പോൾ വളരെ വിനാശകരമായ ആഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. ഉദാഹരണമായി, യുകാറ്റൻ പെനിൻസുലയുടെ തീരത്ത് (ഇന്നത്തെ മെക്സിക്കോ) 66 ദശലക്ഷം വർഷങ്ങൾക്കുമുമ്പ്, ഏകദേശം 10 കിലോമീറ്റർ വലിപ്പമുള്ള ഛിന്നഗ്രഹം തകർന്നുവീണപ്പോൾ ദിനോസറുകൾ നശിച്ചിരുന്നു. 3.26 ബില്യൺ വർഷങ്ങൾക്കുമുമ്പ് എസ് 2 ഉൽക്കാശില ഭൂമിയുമായി കൂട്ടിയിടിക്കുമ്പോൾ നമ്മുടെ ഗ്രഹം വളരെ ചെറുപ്പവും വളരെ വ്യത്യസ്തമായ സ്ഥലമായിരുന്നുവെന്ന് ഹാർവാർഡ് സർവകലാശാലയിലെ എർത്ത് ആൻഡ് പ്ലാനറ്ററി സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ നഡ്ജ ഡ്രാബൺ പറയുന്നു. ദിനോസറിന്റെ വംശനാശത്തിനു കാരണമായ ചിക്സുലബ് (Chicxulub asteroid) ഛിന്നഗ്രഹത്തേക്കാൾ 50 മുതൽ 200 മടങ്ങ് വരെ ഭാരം എസ് 2 ഉൽക്കാശിലയ്ക്ക് ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു.

നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ച എസ് 2 ആഘാതവും അതിന്റെ അനന്തരഫലങ്ങളും വിവരിക്കുന്ന ഒരു പുതിയ പഠനത്തിന്റെ പ്രധാന രചയിതാവ് കൂടിയാണ് നഡ്ജ ഡ്രാബൺ. ആദ്യത്തെ ഭൂഖണ്ഡങ്ങൾ രൂപപ്പെടുന്നതിനുമുമ്പ് ഗ്രഹം എങ്ങനെ ഉണ്ടായായിരുന്നുവെന്നും ഉൽക്കാശിലയുടെ ആഘാതങ്ങൾ ജീവന്റെ പരിണാമത്തെ എങ്ങനെ ബാധിച്ചുവെന്നും മനസ്സിലാക്കുന്നതിൽ കൗതുകമുള്ള ഒരു ഭൗമശാസ്ത്രജ്ഞനാണ് ഡ്രാബൺ.

എസ് 2 ഉൽക്കാശില ഭൂമിയുമായി കൂട്ടിയിടിക്കുന്നതുവരെ ബാക്‌ടീരിയയുടെയും ആർക്കിയയുടെയും രൂപത്തിലുള്ള ഏകകോശജീവിയല്ലാതെ സങ്കീർണ്ണമായ ഒരു ജീവനും ഭൂമിയിൽ ഉണ്ടായിരുന്നില്ല. സമുദ്രങ്ങളിൽ ചില ജീവജാലങ്ങൾ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, പോഷകങ്ങളുടെ അഭാവം കാരണം ഇന്നത്തെപ്പോലെ രൂപപ്പെട്ടിരുന്നില്ല. എസ് 2 ഉൽക്കാശിലയുടെ ആഘാതം ബാക്ടീരിയയെ (bacterial life) സമ്പന്നമാക്കിയേക്കാവുന്ന ഘടകങ്ങളെ ഇളക്കിവിട്ടു. ഇത് ഭൂമിയിലെ മറ്റ് മാറ്റങ്ങൾക്കു തുടക്കമിട്ടു.

ദക്ഷിണാഫ്രിക്കയിലെ ബാർബർട്ടൺ മഖോൻജ്വ പർവതനിരകളിലെ പാറകളിൽ തെളിവുകൾക്കുവേണ്ടി ഡ്രാബണും അവളുടെ സഹപ്രവർത്തകരും ഫീൽഡ് വർക്ക് നടത്തിയിരുന്നു. അവിടെ, 3.6 ബില്യൺ മുതൽ 3.2 ബില്യൺ വർഷങ്ങൾക്കുമുമ്പ് സംഭവിച്ച എട്ട് ആഘാതസംഭവങ്ങളുടെ ഭൂമിശാസ്ത്രപരമായ തെളിവുകൾ പാറകളിൽനിന്ന് കണ്ടെത്താനും സ്ഫെറ്യൂൾസ് (spherules) എന്ന് വിളിക്കപ്പെടുന്ന ചെറിയ ഉൽക്കാശില ആഘാതകണങ്ങളിലൂടെ കണ്ടെത്താനും കഴിഞ്ഞിരുന്നു.

Latest News