ഏണസ്റ്റ് ആൻഡ് യങ്ങിൽ ജോലിക്ക് കയറി നാലു മാസത്തിനകം മലയാളി യുവതി മരിച്ച സംഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നു. കമ്പനിയിൽ ജോലിചെയ്തിരുന്ന കൊച്ചി കങ്ങാരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ പേരയിൽ (26) ആണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. പൂനെയിലെ താമസസ്ഥലത്ത് വച്ചായിരുന്നു മരണം. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായതോടെ അന്നയുടെ മരണത്തിൽ അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ അറിയിച്ചു.
“സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യപ്പെടുന്നതുമായി തൊഴിൽസാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. അന്നയ്ക്ക് നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്”- മന്ത്രി എക്സ് പോസ്റ്റിൽ വ്യക്തമാക്കി. അന്നയുടെ മരണം അതിദാരുണമാണെന്നും കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ഏണസ്റ്റ് ആൻഡ് യങ് അധികൃതരും വ്യക്തമാക്കി.
അന്നയുടെ മരണം സംബന്ധിച്ച് മാതാവ് അനിത അഗസ്റ്റിൻ കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽയിലും മറ്റും ചർച്ചകൾ സജീവമാകുന്നത്. അന്നയുടെ മരണകാരണം കത്തിൽ പറയുന്നില്ലെങ്കിലും വിശ്രമമില്ലായ്മയും ഉറക്കമില്ലായ്മയും അടക്കമുള്ള ശാരീരികപ്രശ്നങ്ങളാണ് മരണത്തിനിടയാക്കിയതെന്ന് ഇതിൽ വ്യക്തമാക്കുന്നു. അന്നയുടെ മാതാവിന്റെ കത്തു പുറത്തുവന്നതോടെ വൻകിട കോർപ്പറേറ്റ് കമ്പനികളിലെ ജോലിഭാരത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്.