Tuesday, November 26, 2024

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ: സർവകക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ

പാർലമെന്റിന്റെ വർഷകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സർവകക്ഷിയോഗം വിളിച്ച് ചേർത്ത് കേന്ദ്ര സർക്കാർ. വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. രാജ്യത്തെ വിവിധ കക്ഷികൾ തങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനാൽ വർഷകാല സമ്മേളനത്തിന്റെ തലേന്ന് ഇത് ഒരു പതിവ് ഒത്തുചേരലാണ്.

രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ കഴിഞ്ഞ ദിവസം സമാനമായ യോഗം വിളിച്ചു ചേർത്തിരുന്നു. എന്നാൽ വിശാല പ്രതിപക്ഷ യോഗത്തിൻറെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വിളിച്ച സർവകക്ഷി യോഗത്തിൽ പല പാർട്ടികളുടെയും നേതാക്കൾ പങ്കെടുത്തിരുന്നില്ല. ഇതേ തുടർന്ന് സർവകക്ഷി യോഗം ബുധനാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഈ വർഷം വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനും ഒരുങ്ങുമ്പോൾ ബിജെപിയും പ്രതിപക്ഷ പാർട്ടികളും പരസ്പരം ആക്രമണത്തിന് മൂർച്ച കൂട്ടുകയാണ്. ഈ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം കൊടുങ്കാറ്റാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. വിലക്കയറ്റം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം എന്നിവയ്‌ക്ക് പുറമെ മണിപ്പൂർ കലാപവും സർക്കാരിനെ ആക്രമിക്കാനുള്ള ആയുധമാക്കാനാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുന്നത്. കഴിഞ്ഞ സമ്മേളനവും പ്രതിപക്ഷ ബഹളത്തിലാണ് കലാശിച്ചത്.

Latest News