ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ഒരു ചീറ്റകൂടി കുനോ നാഷണൽ പാർക്കിൽ ചത്തതായി സ്ഥിരീകരിച്ചു. മറ്റൊരു ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ധീര എന്ന പെൺ ചീറ്റ കൊല്ലപ്പെട്ടതെന്നാണ് വിവരം. നേരത്തെ, വിദേശത്തു നിന്നും ഇന്ത്യയിലെത്തിച്ച രണ്ട് ചീറ്റകള്‍ കൂനോയില്‍ നേരത്തെ ചത്തിരുന്നു.
ഒപ്പറേഷന് ചീറ്റയുടെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായാണ് മധ്യപ്രദേശിലെ കൂനോ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കാ, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമായിരുന്നു ഇവയെ എത്തിച്ചത്.
ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വൃക്കരോഗം ബാധിച്ച സാഷ എന്ന ചീറ്റയാണ് ആദ്യം ചത്തത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു സംഭവം. ഏപ്രിലിൽ, രണ്ടാമത്തെ ചീറ്റയായ ഉദയ് ദേശീയ പാർക്കിൽ അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ ചത്തു. ഇതിനു പിന്നാലെയാണ് തുടര്‍ച്ചയായ മൂന്നാം മാസം ധീര എന്ന പെൺ ചീറ്റ ചത്തത്. മറ്റൊരു ചീറ്റയുമായുളള ഏറ്റുമുട്ടലിലാണ് ചീറ്റ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇതുവരെ, നമീബിയയിൽ നിന്ന് കൊണ്ടുവന്ന എട്ട് ചീറ്റപ്പുലികളിൽ നാലെണ്ണം കെഎൻപിയിലെ വേലി കെട്ടിയ അക്ലിമൈസേഷൻ ക്യാമ്പുകളിൽ നിന്ന് സ്വതന്ത്രമായ അവസ്ഥയിലേക്ക് വിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിയ എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ പ്രത്യേക ചുറ്റുപാടിൽ വിട്ടയച്ചിരുന്നു.
തുടർന്ന് ഈ ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ കൂടി ഇന്ത്യയില്‍ എത്തിച്ചു.