Monday, April 21, 2025

കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റ കൂടി ചത്തു: ആശങ്ക അറിയിച്ച് സുപ്രീം കോടതിക്ക് വിദഗ്ദരുടെ കത്ത്

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ധാത്രി എന്ന പെണ്‍ചീറ്റ ചത്തതിനുപിന്നാലെ ആശങ്ക അറിയിച്ച് സുപ്രീം കോടതിക്ക് കത്ത്. ദേശീയ ചീറ്റ പ്രൊജക്ട് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളാണ് സുപ്രീം കോടതിയില്‍ കത്ത് നല്‍കിയത്. ചില ചീറ്റകളെ നന്നായി പരിപാലിച്ചിരുന്നുവെങ്കില്‍ അവയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നാണ് കത്തിൽ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രൊജക്ട് ചീറ്റ എന്ന പദ്ധതിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ നമീബിയയില്‍ നിന്നും 20 ചീറ്റകളെയാണ് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചിരുന്നത്. ഏഴ് പതിറ്റാണ്ടുകള്‍ക്കുമുമ്പ് രാജ്യത്തുനിന്ന് വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നീക്കം. എന്നാല്‍ പദ്ധതി നടപ്പിലാക്കിയതിനുപിന്നാലെ ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന ചീറ്റപ്പുലികള്‍ക്ക് ജനിച്ച മൂന്നു കുഞ്ഞുങ്ങളും ധാത്രയും ഉള്‍പ്പടെ ഒന്‍പതു ചീറ്റകള്‍ ചത്തു. ഇതേ തുടര്‍ന്നാണ് ആശങ്ക അറിയച്ച് വിദഗ്ദര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം, ഇന്ത്യയിലെത്തിച്ച ചീറ്റകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ആശങ്കയുണ്ടെന്നും ചീറ്റകള്‍ ചാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍, നമീബിയന്‍ വിദഗ്ധര്‍ പറയുന്നു. സാധാരണ രീതിയിലുള്ള പരിപാലനത്തിനു പകരം വിദഗ്ധരെ കൊണ്ടുവന്ന് ചികിത്സിച്ചിരുന്നെങ്കില്‍ ചീറ്റകള്‍ ചാകില്ലായിരുന്നുവെന്നും അവ ആരോഗ്യം വീണ്ടെടുത്തേനെയെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. നിലവിലെ മാനേജ്‌മെന്റിന് വിദഗ്ധപരിശീലനം ലഭിച്ചിരുന്നില്ല. വിദേശവിദഗ്ധരുടെ അഭിപ്രായങ്ങള്‍ അവര്‍ അവഗണിച്ചുവെന്നും കത്തില്‍ പറയുന്നു.

Latest News